20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ശ്രദ്ധയുടെ വഴിയേ ആരാധന: യുപിയിൽ യുവതിയെ കൊന്ന് 6 കഷണങ്ങളാക്കി; മുൻകാമുകൻ അറസ്റ്റിൽ.
Kerala

ശ്രദ്ധയുടെ വഴിയേ ആരാധന: യുപിയിൽ യുവതിയെ കൊന്ന് 6 കഷണങ്ങളാക്കി; മുൻകാമുകൻ അറസ്റ്റിൽ.


ലക്‌നൗ ∙ രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വോൾക്കർ കൊലപാതകത്തിനു പിന്നാലെ ഉത്തർപ്രദേശിലെ അസംഗഡിലും സമാനമായ ക്രൂരകൃത്യം. അസംഗഡിലെ പശ്‌ചിംപട്ടി ഗ്രാമത്തിൽ മുൻ കാമുകിയെ കൊന്ന് മൃതദേഹം ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആരാധന പ്രജാപതി(22) എന്ന യുവതിയാണ് കൊലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കിണറ്റിലും കുളത്തിലുമായി തള്ളിയ മുൻ കാമുകൻ പ്രിൻസ് യാദവിനെ (24) പൊലീസ് അറസ്റ്റ് ചെയ്‌തു. നവംബർ 15ന് പശ്‌ചിംപട്ടി ഗ്രാമത്തിലെ കിണറ്റിൽനിന്ന് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം കണ്ടെത്തുമ്പോൾ ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നതായും അർധനഗ്‌നമായ അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തിലാണ് ആരാധനയെ കൊലപ്പെടുത്തിയതെന്നു പ്രിൻസ് യാദവ് പൊലീസിനോട് പറഞ്ഞു.

നവംബർ 10 മുതൽ യുവതിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു കിണറ്റിൽ കണ്ടെത്തിയ മൃതദേഹം ആരാധനയുടേതെന്ന് സ്ഥിരീകരിച്ചത്. പ്രിൻസ് യാദവിന്റെ മാതാപിതാക്കൾക്കും കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നു. മാതാപിതാക്കളുടെയും ബന്ധുവായ സർവേഷിന്റെയും സഹായത്തോടെയാണ് പ്രതി കൃത്യം നിർവഹിച്ചതെന്നു പൊലീസ് പറയുന്നു. രണ്ടുവർഷത്തോളം പ്രിൻസ് യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രതി വിദേശത്ത് ജോലി ചെയ്യുന്ന അവസരത്തിലാണ് ആരാധനയുടെ വിവാഹം കഴിഞ്ഞ വിവരം അറിയുന്നത്.ഇതിനു പിന്നാലെ ഇയാൾ നാട്ടിൽ തിരിച്ചെത്തി യുവതിയോട് വിവാഹബന്ധത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലവിലെ വിവാഹബന്ധം വേർപെടുത്തി പ്രിൻസിനെ വിവാഹം ചെയ്യാൻ ആരാധന തയാറാകുന്നില്ലെങ്കിൽ കൊന്നുകളയാൻ പ്രിൻസ് യാദവിന്റെ മാതാപിതാക്കൾ അയാളോട് പറഞ്ഞതായി പൊലീസ് പറയുന്നു. പ്രതി അമ്മാവനായ രാമ യാദവിന്റെ വീട്ടിൽ വച്ചാണ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കിയത്.

നവംബർ 10ന് ആരാധനയെ ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു. ആരാധനയുമായി വാക്കുതർക്കത്തിനു ശേഷം രാമ യാദവിന്റെ മകൻ സർവേഷും പ്രിൻസും ചേർന്ന് യുവതിയെ കരിമ്പിൻ തോട്ടത്തിൽ എത്തിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരം ആറ് കഷണങ്ങളാക്കി മുറിച്ചശേഷം പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് ഗ്രാമത്തിലെ കിണറ്റിൽ തള്ളി. തല കുറച്ച് ദൂരെയുള്ള കുളത്തിൽ എറിഞ്ഞു.

യുവതിയുടെ ശരീരം മുറിക്കാൻ ഉപയോഗിച്ച ആയുധവും നാടൻ തോക്ക്, വെടിയുണ്ടകൾ തുടങ്ങിയവയും പ്രതിയുടെ പക്കൽനിന്ന് കണ്ടെടുത്തു. തെളിവെടുപ്പിന്റെ ഭാഗമായി കൊണ്ടുപോകുന്നതിനിടെ ശരീരത്തിൽ ഒളിപ്പിച്ച പിസ്റ്റൾ പൊലീസിനു നേരേ ചൂണ്ടി ഇയാൾ കടന്നുകളയാൻ ശ്രമിച്ചിരുന്നു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ഇയാളുടെ കാലിൽ വെടിയേറ്റു. പ്രിൻസ് യാദവിനെ കുറ്റകൃത്യത്തിൽ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സര്‍വേഷ്, പ്രമീള യാദവ്, സുമന്‍, രാജാറാം, കലാവതി, മഞ്ജു, ഷീല എന്നീവർക്കായി തിരച്ചിൽ ശക്തമാക്കിയതായി അസംഗഡ് പൊലീസ് അറിയിച്ചു.

Related posts

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് മുതൽ മഴ ദുർബലമാകുമെന്നും നിഗമനം

Aswathi Kottiyoor

മാലിന്യ നിർമാർജനം: കൺട്രോൾ സെൽ രൂപീകരിച്ചു

Aswathi Kottiyoor

ഉയർന്ന പെൻഷൻ ; നഷ്ടക്കണക്ക്‌ ഊതിപ്പെരുപ്പിച്ച്‌ വീണ്ടും ഇപിഎഫ്‌ഒ

Aswathi Kottiyoor
WordPress Image Lightbox