നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റേയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ആഭിമുഖ്യത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീർത്തട പദ്ധതിരേഖ പ്രകാശനവും സംസ്ഥാന നീരുറവ് പദ്ധതി പ്രഖ്യാപനവും നവംബർ 24 ന് വൈകിട്ട് 4.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. സമഗ്ര നീർത്തട പ്ലാനുകളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളേയും ഏജൻസികളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് അടുത്ത വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതി തയ്യാറാക്കുകയാണ് നീരുറവ് പദ്ധതി ലക്ഷ്യമിടുന്നത്.
പേരാവൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ മുഖ്യ പ്രഭാഷണം നടത്തും. തൊഴിലുറപ്പ് മിഷൻ ഡയറക്ടർ അനുകുമാരി ഐ.എ.എസ് റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ പദ്ധതി നടപ്പിലാക്കുന്ന ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളെ ആദരിക്കും. കെ. സുധാകരൻ എം.പി ബ്രോഷർ പ്രകാശനവും, ഡോ.വി ശിവദാസൻ എം.പി ജലബാലോത്സവം സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പദ്ധതിരേഖ ഏറ്റുവാങ്ങും. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നീരുറവ്- തീം സോങ്ങ് പ്രകാശനം ചെയ്യും. CWRDM എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി. സാമുവൽ നീർത്തട ഭൂപടങ്ങളുടെ പ്രകാശനം നിർവ്വഹിക്കും. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ പ്രദർശനം ഉദ്ഘാടനം ചെയ്യും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ സ്വാഗതവും തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി. സുരേന്ദ്രൻ നന്ദിയും പറയും.