കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ സംസ്ഥാന പര്യടനം നടത്തുന്ന ശശി തരൂരിന് കെപിസിസിയുടെ അപ്രഖ്യാപിത വിലക്ക്.
തരൂരിന്റെ പരിപാടികളിൽ പങ്കെടുക്കേണ്ടെന്നാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന രഹസ്യ നിർദേശം. ഇന്നു മുതൽ മലബാർ മേഖലയിൽ പര്യടനം ആരംഭിക്കുന്ന ശശി തരൂർ എംപിക്ക് പിന്തുണ നൽകേണ്ടെന്ന നിലപാടാണ് കെപിസിസിക്ക്.
ഔദ്യോഗിക നിർദേശങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും താഴെത്തട്ട് മുതലുള്ള പ്രവർത്തകർ തരൂരുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ പര്യടനത്തിന് പ്രവർത്തകർ എത്തേണ്ടെന്ന നിർദേശമാണ് നൽകിയതെന്നാണ് കോൺഗ്രസിലെ ഉന്നതവൃത്തങ്ങൾ നൽകുന്ന വിവരം.
ആരെയും ഭയമില്ല, എന്നെ ഭയക്കേണ്ടതുമില്ല: തരൂർ
കോഴിക്കോട്: തന്റെ പര്യടനത്തിന് പാർട്ടിയിൽനിന്ന് വിലക്കില്ലെന്ന് ശശി തരൂർ എംപി. പാർട്ടിയിൽ തനിക്ക് ശത്രുക്കളില്ലെന്നും ശശി തരൂർ മാധ്യമങ്ങളോടു പറഞ്ഞു. വടക്കൻ കേരളത്തിലെ പരിപാടികൾ നേരത്തെ നിശ്ചയിച്ചതാണ്.
യൂത്ത് കോൺഗ്രസ് പിൻമാറിയതിനെ കുറിച്ച് അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആരെയും ഭയമില്ല, അതുപോലെ തന്നെയും ആരും ഭയക്കേണ്ടതില്ല. മലബാറിലെ പരിപാടികൾക്ക് അനാവശ്യ പ്രാധാന്യം നൽകേണ്ടതില്ലെന്നും തരൂർ വ്യക്തമാക്കി.