ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നവംബർ 22ന് ഭിന്നശേഷി കുട്ടികൾക്കായി സംഗമം ഒരുക്കുന്നു. സാർവ്വദേശീയ ശിശു ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് കഴക്കൂട്ടം ഡിഫ്രന്റ് ആർട്ട് സെന്ററിൽ ഉച്ചക്ക് 12.30ന് സംഘടിപ്പിക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അധ്യക്ഷത വഹിക്കും.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സംരക്ഷണ സ്ഥാപനങ്ങളുടെയും തദ്ദേശീയ തലത്തിൽ നടത്തിവരുന്ന ബഡ് സ്‌കൂളുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി ഭിന്നശേഷി സൗഹൃദ ലോകം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം ഒരുക്കിയിരിക്കുന്നത്. കമ്മീഷന്റെ മേൽനോട്ടത്തിൽ എല്ലാ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളിലും സൈബർ സുരക്ഷയും കുട്ടികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുകയും 36 ഹോമുകളിൽ ശിശുദിന വാരം ആഘോഷിക്കുകയും ചെയ്തു.
കേരളത്തിൽ ഭിന്നശേഷിക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിഫ്രന്റ് ആർട്ട് സെന്ററിൽ 500ൽ പരം കുട്ടികളുടെ ഒത്തുചേരലാണ് 22ന് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. മംഗലപുരം മാണിക്കൽ, നെല്ലനാട്, പോത്തൻകോട് പഞ്ചായത്തുകളിലെ ബഡ് സ്‌കൂളുകളിൽ നിന്നും പ്രത്യേക പരിഗണന അർഹിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നും ഭിന്നശേഷിക്കാരായ കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും. കുട്ടികൾക്ക് വിവിധ പരിപാടികൾ അവതരിപ്പിക്കാനും ഗോപിനാഥ് മുതുകാടുമായി സംവദിക്കാനും സെന്ററിലെ വിവിധ കാഴ്ചകൾ ആസ്വദിക്കാനും അവസരം ലഭിക്കും.