ബ്രിട്ടനിൽ രണ്ടു വർഷം ജോലി ചെയ്യുന്നതിന് 18നും 30നുമിടക്ക് പ്രായമുള്ള ഇന്ത്യക്കാർക്ക് 3000 വിസ നൽകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതി. യുകെ-ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് പദ്ധതിയുടെ ഭാഗമായി ഒപ്പുവച്ച ധാരണപത്രത്തിലാണ് ഇക്കാര്യമുള്ളത്.
അടുത്തവർഷം തുടക്കം മുതലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഇരുരാജ്യങ്ങളുടെയും വിദേശ മന്ത്രാലയങ്ങൾ അറിയിച്ചു. ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി യുകെയുടെ ഇന്ത്യ-പസഫിക് ഫോക്കസിലാണ് സുനക് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
രണ്ടു ദിവസമായി ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന്റെ സമാപനത്തിലാണ് അടുത്തവർഷത്തേക്കുള്ള അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുത്തിരുന്നു. അടുത്തവർഷം സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ ജി 20 ഉച്ചകോടി നടക്കും.
അധ്യക്ഷ പദവി ലഭിക്കുന്നത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനമാണെന്നും രാജ്യത്തെ വിവിധ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ജി 20 യോഗം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു.