ഗവർണർക്കു പകരം ചാൻസലർപദവിയിൽ വിവിധ മേഖലകളിലെ അതിപ്രഗല്ഭരെ നിയമിക്കുന്പോഴുണ്ടാകുന്ന സാന്പത്തിക ബാധ്യത അടക്കം വിശദമായി പരിശോധിച്ചു മാത്രമേ നിയമസഭയിൽ ഭേദഗതി ബിൽ കൊണ്ടുവരേണ്ടതുള്ളൂവെന്നു മന്ത്രിസഭയിൽ നിർദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ സമാന നിലയിൽ ബില്ലുകൾ പാസാക്കിയ തമിഴ്നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കാര്യങ്ങൾ പഠിച്ച് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയോടു മന്ത്രിസഭ നിർദേശിച്ചു. ചാൻസലർ പദവിയിൽ ഗവർണർ നിലവിലില്ലാത്ത ഗുജറാത്തിലെ നിയമവും പഠിക്കും.
ബില്ലിന്റെ കരട് അടുത്ത മന്ത്രിസഭായോഗത്തിൽ വന്നേക്കും. സർക്കാരിനു സാന്പത്തികബാധ്യതയില്ലാത്ത വിധത്തിലാകും കരട് ഭേദഗതി ബില്ലെന്നാണ് വിവരം. 14 സർവകലാശാലകളിൽ സമാനസ്വഭാവമുള്ള ഒന്പത് ആർട്സ് ആൻഡ് സയൻസ് സർവകലാശാലകൾക്ക് ഒറ്റ ചാൻസലറാകും.
ഇദ്ദേഹത്തിന് ഇവയിൽ ഏതെങ്കിലുമൊരു സർവകലാശാലാ ആസ്ഥാനത്ത് പ്രവർത്തന സൗകര്യമൊരുക്കും. ചെലവിന് സർവകലാശാല ഗ്രാന്റിൽനിന്ന് ആവശ്യമായ ഫണ്ട് വിനിയോഗിക്കും. കാർഷികം, സാങ്കേതികം, കുസാറ്റ്, ഫിഷറീസ്, ആരോഗ്യ സർവകലാശാലകൾക്ക് അതത് മേഖലകളിലെ വിദഗ്ധരാകും ചാൻസലർ.
പ്രോട്ടോകോൾ വിഷയമുള്ളതിനാൽ ചാൻസലർപദവിയിലേക്ക് അതതു വകുപ്പു മന്ത്രിമാർ മതിയെന്ന നിർദേശവും ചർച്ചകളിലുണ്ട്.
പ്രതിപക്ഷത്തെ വെട്ടിലാക്കാനും തന്ത്രം
നിയമസഭയിൽ ഗവർണർക്കെതിരായ ബിൽ വരുന്പോൾ പ്രതിപക്ഷത്തെ വെട്ടിലാക്കാമെന്ന കണക്കുകൂട്ടലും ഭരണകക്ഷിക്കുണ്ട്. ഗവർണറോടുള്ള സമീപനത്തിൽ സംസ്ഥാന കോണ്ഗ്രസ് നേതൃത്വത്തിന്റേതിൽ നിന്ന് ഭിന്ന നിലപാട് മുസ്ലിം ലീഗ് പ്രകടമാക്കിയത് പ്രതിപക്ഷനിരയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. നിയമസഭയിൽ ഇതുണ്ടാകുമെന്നാണു സർക്കാർ വിലയിരുത്തൽ.