നെറ്റ്‌വർക്ക് ഒബ്‌സർവിങ് സെന്ററിൽ (എൻഒസി) ‘വിസിബിൾ’ ആയ കണ്ണൂർ ജില്ലയിലെ 1051 സർക്കാർ സ്ഥാപനങ്ങളിൽ 600 എണ്ണത്തിലും കെ ഫോൺ കണക്ഷൻ ലഭ്യമായി. 2100 സർക്കാർ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ കെ ഫോൺ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായത്. വിസിബിൾ ആയ മുഴുവൻ സ്ഥാപനങ്ങളിലും അടുത്ത ദിവസങ്ങളിൽ കണക്ഷൻ ലഭിക്കും.
ആദ്യഘട്ടത്തിലുൾപ്പെടുന്ന 1051 സ്ഥാപനങ്ങളിലാണ് 9 യു റാക്കുകൾ സജ്ജീകരിച്ചത്. മോഡം, യുപിഎസ് തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ സ്ഥാപനങ്ങൾ എറണാകുളത്തെ നെറ്റ്‌വർക്ക് ഒബ്‌സർവിങ് സെന്ററിൽ വിസിബിൾ ആകുന്നതോടെ ഡൈനാമിക് ഐപി വഴിയാണ് കണക്ഷൻ നൽകുന്നത്. അതുകൊണ്ടുതന്നെ ഒരേസമയം നിരവധി സ്ഥാപനങ്ങളിൽ കണക്‌ഷൻ ലഭ്യമാകും. മുണ്ടയാട്, കാഞ്ഞിരോട്, പഴയങ്ങാടി, തളിപ്പറമ്പ്, അഴീക്കോട്, തോലമ്പ്ര സബ്‌സ്‌റ്റേഷൻ പരിധിയിലാണ് കണക്ഷൻ ലഭ്യമായ സ്ഥാപനങ്ങൾ. ജില്ലയിൽ കെ ഫോൺ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള കേബിൾ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്. 312 കിലോമീറ്റർ മാത്രമാണ് ബാക്കിയുള്ളത്. 72 കിലോമീറ്റർ അടുത്ത ദിവസങ്ങളിൽ പൂർത്തിയാകും. ദേശീയപാത വീതികൂട്ടലടക്കമുള്ള സാങ്കേതിക തടസ്സങ്ങളാൽ 240 കിലോമീറ്ററിൽ കേബിളിടാൻ കഴിഞ്ഞിട്ടില്ല. 2800 കിലോമീറ്ററിലാണ് ലൈൻ വലിക്കേണ്ടിയിരുന്നത്.
സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, അക്ഷയകേന്ദ്രങ്ങൾ, പൊലീസ് സ്‌റ്റേഷനുകൾ തുടങ്ങി പൊതുസംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാമാണ് കെ ഫോൺ സംവിധാനത്തിന് കീഴിലാകുന്നത്. ജില്ലയിലെ 31 സബ് സ്‌റ്റേഷനുകളിൽ മുപ്പതും പ്രവർത്തനസജ്ജമായി.
പരിയാരത്തെ സബ്‌സ്‌റ്റേഷൻ ഈ മാസം പൂർത്തിയാകും. മുണ്ടയാടാണ് മെയിൻ ഹബ്. സംസ്ഥാനത്ത് കണ്ണൂരിലാണ് ഏറ്റവും കൂടുതൽ സബ്‌സ്‌റ്റേഷനുകളുള്ളത്. ഒരു മണ്ഡലത്തിൽ ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള 500 പേർക്കാണ് അടുത്ത ഘട്ടത്തിൽ കണക്‌ഷൻ നൽകുന്നത്. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന പട്ടികയനുസരിച്ചാണിത് നൽകുക. ആദ്യഘട്ടത്തിൽതന്നെ മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്‌ഷൻ നൽകും. സെക്കൻഡിൽ 15 എംബി വരെ വേഗതയിൽ ദിവസം ഒന്നര ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലുമാണ് ഇന്റർനെറ്റ് ലഭ്യമാവുക.