* സംസ്ഥാനത്ത് ഖനനാനുമതി ഇനി ഓൺലൈൻ വഴി ലഭിക്കും
പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിദേശ സന്ദർശനത്തിനിടെ ഇത്തരം മികച്ച മാതൃകകൾ കാണാനിടയായെന്നും ഇത്തരത്തിൽ പ്രകൃതിക്ക് വലിയ പ്രത്യാഘാതങ്ങളില്ലാതെ ഖനന പ്രവർത്തനങ്ങൾ നടത്തുന്ന രീതി സമീപഭാവിയിൽത്തന്നെ സംസ്ഥാനത്തുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഖനനാനുമതി ഓൺലൈനായി അനുവദിക്കുന്നതിനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ KOMPAS പോർട്ടലിൽ നാല് മൊഡ്യൂളുകൾ കൂടി ഉൾപ്പെടുത്തുന്നതിന്റെ ലോഞ്ചിങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സേവനങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്തുന്നതിന് സാങ്കേതിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നു മന്ത്രി നിർദ്ദേശിച്ചു. എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭിക്കുന്നതോടെ പ്രവർത്തന വേഗം കൂടുതൽ മെച്ചപ്പെടും. മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെത്തുന്ന നിയമാനുസൃതമായ ഓരോ അപേക്ഷകർക്കും സേവനം അതിവേഗത്തിൽ ലഭ്യമാക്കുന്നുവെന്ന് ഉദ്യാഗസ്ഥർ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരമല്ലാത്ത അപേക്ഷകൾക്ക് യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല. ഫയലുകൾ കെട്ടിക്കിടക്കുന്നതിനുള്ള അവസരം നൽകരുതെന്നും അപേക്ഷകൾ ലഭിച്ച് അഞ്ച് ദിവസത്തിനകം തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഢംബര വിഭാഗത്തിലുൾപ്പെടാത്ത അളവിലുള്ള കെട്ടിട നിർമാണത്തിനായി മണ്ണ് മാറ്റുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് തന്നെ അനുമതി നൽകാവുന്ന സംവിധാനം അധികം വൈകാതെ നിലവിൽ വരും. ആഢംബര വിഭാഗത്തിലുൾപ്പെടുന്ന കെട്ടിടങ്ങൾക്ക് മാത്രം മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി നിർബന്ധമാക്കുന്നത് മികച്ച ഫലം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ധാതു ഖനനത്തിനുള്ള ദീർഘകാല അനുമതിയായ ക്വാറീയിങ് ലീസ്, ഹ്രസ്വകാല അനുമതിയായ ക്വാറീയിങ് പെർമിററ്, ധാതു നീക്കം ചെയ്യാനുദ്ദേശിക്കുന്ന അളവ്, ഖനനാനുമതിക്കായി അപേക്ഷിക്കുന്ന സ്ഥലത്തിന്റെ വിസ്തൃതി, സാധാരണ മണ്ണിനുള്ള ക്വാറീയിങ് പെർമിറ്റിനായി KSWIFT-KOMPAS സംയോജിത സോഫ്റ്റ്വെയർ മുഖേനയുള്ള അപേക്ഷ എന്നിവയാണ് പുതുയായി പോർട്ടലിൽ ഉൾപ്പെടുത്തിയത്. ധാതു ഖനനം/ സംഭരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കുള്ള ഇ- പാസ് പോർട്ടൽ വഴി അനുവദിക്കുന്നുണ്ട്. കൂടാതെ നിലവിൽ സംസ്ഥാനത്ത് അനുവദിച്ച ഖനനാനുമതികളുടെ വിവരങ്ങളും KOMPAS ൽ ലഭ്യമാണ്.
പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ദേവീദാസ് എൻ റി്പ്പോർട്ട് അവതരിപ്പിച്ചു. എൻ.ഐ.സി. സി.ഇ.എം വി ടി സന്തോഷ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം രാഘവൻ എന്നിവർ പ്രസംഗിച്ചു.