അഞ്ചൽ ഏറം ഉത്ര വധക്കേസിൽ പ്രതികൾക്കെതിരെ പുതിയ കുറ്റം ചുമത്താൻ പുനലൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അമ്പിളി ചന്ദ്രൻ അനുമതി നൽകി. സ്ത്രീധന പീഡനക്കേസ് മൂന്നും നാലും വകുപ്പുകൾ ഉൾപ്പെടുത്തി ഈ മാസം 30ന് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. പുതിയ വകുപ്പുകൾ ഉൾപ്പെടുത്താൻ പ്രോസിക്യൂഷൻ നേരത്തേ കോടതിയിൽ അനുമതി തേടിയിരുന്നു.
ഇതിന്മേൽ കഴിഞ്ഞ ഒന്നിന് വാദം നടന്നു. പുതിയ വകുപ്പുകൾ ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിഭാഗം അഭിഭാഷകൻ അനീസ് തങ്ങൾ കുഞ്ഞിന്റെ വാദം കോടതി നിരാകരിച്ചു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് നേരത്തേ ചുമത്തിയത്.
പുതിയ വകുപ്പുകൾ പ്രകാരം സ്ത്രീധനം ആവശ്യപ്പെടുക, വാങ്ങുക എന്നിവകൂടി ഉൾപ്പെടും. ഈ കേസിലും സൂരജാണ് ഒന്നാം പ്രതി. തിങ്കളാഴ്ച ഒന്നാം പ്രതി ഉത്രയുടെ ഭർത്താവ് സൂരജ്. എസ്. കുമാർ, രണ്ടാം പ്രതി സൂരജിന്‍റെ പിതാവ് സുരേന്ദ്ര പണിക്കർ, മൂന്നാം പ്രതി മാതാവ് രേണുക എന്നിവർ കോടതിയിൽ ഹാജരായി. നാലാം പ്രതി സൂരജിന്‍റെ സഹോദരി സൂര്യ എത്തിയില്ല.