22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൂട്ട ബലാത്സംഗ‌ം: സുനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല, ചോദ്യം ചെയ്ത് വിട്ടയച്ചു.
Kerala

കൂട്ട ബലാത്സംഗ‌ം: സുനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല, ചോദ്യം ചെയ്ത് വിട്ടയച്ചു.

കൂട്ട ബലാത്സംഗക്കേസിൽ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത ബേപ്പൂർ കോസ്റ്റൽ സിഐ പി.ആർ.സുനുവിന്റെ അറസ്റ്റ് ഇന്നലെയും രേഖപ്പെടുത്തിയില്ല. ചോദ്യം ചെയ്യലിനു ശേഷം ഇന്നു രാവിലെ പത്തിന് വീണ്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നു നോട്ടിസ് നൽകി സുനുവിനെ വിട്ടയച്ചു. അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം തുടരും. പ്രതികൾക്കെതിരെ കൃത്യമായ സാഹചര്യ തെളിവുകൾ ലഭിച്ചിട്ടില്ല. ഇതിനാലാണ് അറസ്റ്റിലേക്ക് നീങ്ങാത്തത്. സുനുവിന്റെ പശ്ചാത്തലം ശരിയല്ലെന്നും രക്ഷപ്പെടുന്നത് ഒഴിവാക്കാനുമാണു പരാതി ലഭിച്ചയുടൻ കസ്റ്റഡിയിലെടുത്തതെന്നും കമ്മിഷണർ പറഞ്ഞു. കേസിൽ ചോദ്യം ചെയ്യലും അന്വേഷണവും തുടരുകയാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം അറസ്റ്റിലേക്കു കടന്നാൽ മതിയെന്നാണു പൊലീസിന്റെ തീരുമാനം.

അതേസമയം, പരാതിക്കാരിയായ ചേരാനല്ലൂർ സ്വദേശിനിയുടെ രണ്ടാമതു നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നു പൊലീസ് പറയുന്നു. പീഡനം നടന്നതായി പറയുന്ന 2021 മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ വിവിധ ദിവസങ്ങളിൽ ഇവരുണ്ടായിരുന്ന ടവർ ലൊക്കേഷനിൽ സുനു ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. മൊഴിയിലെ വൈരുധ്യങ്ങളിൽ കൃത്യത വരുത്താൻ തൃക്കാക്കര മജിസ്ട്രേട്ടിനു മുന്നിൽ ഇവരെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണു പൊലീസ് തീരുമാനം. സുനു ഉൾപ്പെടുന്ന സംഘം തന്നെ ബലാത്സംഗം ചെയ്തതായുള്ള പരാതി ഇരുപത്തിരണ്ടുകാരിയായ വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കാണു നൽകിയത്. കേസിൽ സുനുവും പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയും ഉൾപ്പെടെ 10 പ്രതികളാണുള്ളത്. അതിനിടെ, കൂട്ട ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ പി.ആർ.സുനുവിനെ കസ്റ്റഡിയിലെടുത്ത രീതിയെച്ചൊല്ലി പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളിൽ വിമർശനം. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണമെന്നുണ്ടെങ്കിൽ മേലുദ്യോഗസ്ഥരുടെ സഹായത്തോടെ രഹസ്യമായി വിളിച്ചു വരുത്താമെന്നിരിക്കെ സ്റ്റേഷനിൽ കയറി കസ്റ്റഡിയിലെടുത്തത് എന്തിനെന്നാണു ചോദ്യം.ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തില്ലെന്നതും ചോദ്യം ചെയ്യാൻ വേണ്ടി മാത്രം ഈ നാടകത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്നും ഉദ്യോഗസ്ഥർ ചോദിക്കുന്നു. അതേസമയം, സുനുവിന്റെ കളങ്കിത പശ്ചാത്തലം മാത്രം മുൻനിർത്തിയാണ് സ്റ്റേഷനുള്ളിൽ കയറി പിടികൂടാൻ തീരുമാനിച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാന പൊലീസ് സേനയുമായി ബന്ധപ്പെട്ട് ഒട്ടേറെ അരോപണങ്ങൾ ഉയരുന്ന സമയമായതിനാലാണ് ഇതിനു മുതിർന്നതെന്നുമവർ സൂചിപ്പിക്കുന്നു.

Related posts

ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സേവനവും

Aswathi Kottiyoor

സ്‌കൂൾ തുറക്കൽ: നടപടികൾ 27ന് പൂർത്തിയാക്കണം; നവംബർ 1ന് സ്‌കൂൾതല പ്രവേശനോത്സവം.

Aswathi Kottiyoor

കളിപ്പാട്ടം നിര്‍മ്മിച്ച് സമ്മാനം നേടാന്‍ സ്വച്ഛ് ടോയിക്കത്തോണ്‍ മത്സരം*

Aswathi Kottiyoor
WordPress Image Lightbox