മൊബൈൽ സിം നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്യുമ്പോൾ അതേ നമ്പറിൽ ഡ്യൂപ്ലിക്കേറ്റ് സിം വാങ്ങുന്നവർ ശ്രദ്ധിക്കുക: പുതിയത് ആക്ടിവേറ്റായി 24 മണിക്കൂർ എസ്.എം.എസ് അയക്കാനോ സ്വീകരിക്കാനോ കഴിയില്ല. ഓൺലൈൻ തട്ടിപ്പുകൾ തടയാൻ കേന്ദ്ര ടെലികോം വകുപ്പ് നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ വിലക്ക്. ഇത് നടപ്പിൽ വരുത്താൻ സേവന ദാതാക്കൾക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
സിം കേടാവുകയോ മോഷ്ടിക്കപ്പെടുകയോ നഷ്ടമാവുകയോ ചെയ്യുമ്പോഴാണ് അതേ നമ്പറിൽ പുതിയ സിമ്മിനായി അപേക്ഷ നൽകുന്നത്. തിരിച്ചറിയൽ രേഖയും മറ്റും പരിശോധിച്ചാണ് ഇത് അനുവദിക്കുന്നതെങ്കിലും വ്യാജരേഖ ചമച്ച് സിം കാർഡ് സ്വന്തമാക്കി ഒ.ടി.പി വഴി തട്ടിപ്പുകാർ പണം തട്ടുന്നത് വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കേന്ദ്രം രംഗത്തുവന്നത്.
വ്യാജ തിരിച്ചറിയൽ രേഖ നൽകി തട്ടിപ്പുകാരൻ പുതിയ സിം എടുക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. പുതിയ സിം അനുവദിക്കുന്നതോടെ ആദ്യ സിം ബ്ലോക്ക് ആവുകയും തട്ടിപ്പുകാരന്റെ സിം പ്രവർത്തനക്ഷമമാകുകയും ചെയ്യും. തുടർന്ന് ബാങ്ക് ഇടപാടുകൾക്കുള്ള ഒടിപി തട്ടിപ്പുകാരന്റെ ഫോണിലെത്തുകയും സിം ഉടമയ്ക്കു പണം നഷ്ടമാകുകയും ചെയ്യും. പണം ലഭ്യമായാൽ സിം ഉപേക്ഷിക്കും. എന്നാൽ, 24 മണിക്കൂർ എസ്.എം.എസ് വിലക്ക് ഏർപ്പെടുത്തുന്നതോടെ യഥാർഥ ഉടമയ്ക്ക് പരാതിപ്പെട്ട് സിം ബോക്ക് ചെയ്യാൻ സമയം ലഭിക്കും. തട്ടിപ്പുകാർക്ക് ഉടനടി ഒ.ടി.പി ലഭിക്കുന്നത് ഒഴിവാകുകയും ചെയ്യും.
നിലവിലുള്ള സിം മാറ്റിവാങ്ങാൻ കർശന പരിശോധന വേണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം നിർദേശിച്ചിരുന്നു. പുതിയ സിം കാർഡുകൾ അനുവദിക്കാൻ യഥാർഥ ഉപഭോക്താക്കളുടെ സമ്മതം തേടുന്നതിന് 2016ലും 2018ലും വിശദമായ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചിരുന്നു.