ശബരിമലയിൽ മണ്ഡലകാല- മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ജോലി നോക്കുന്ന പോലീസുകാർക്കു ഭക്ഷണത്തിനുള്ള സർക്കാരിന്റെ മെസ് സബ്സിഡി ഈ വർഷം കൂടി മാത്രം. അടുത്ത വർഷം മുതൽ ഇക്കാര്യത്തിൽ ഉത്സവകാലത്തിനു മുൻപു ക്രമീകരണം ഏർപ്പെടുത്തും.
ശബരിമലയിൽ ജോലി നോക്കുന്ന പോലീസുകാർക്ക് ഈ തീർഥാടന കാലംകൂടി മെസ് സബ്സിഡി ഏർപ്പെടുത്തുമെന്ന ധനവകുപ്പ് ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ശബരിമല ജോലിക്കെത്തുന്ന പോലീസുകാർക്കു വർഷങ്ങളായി മെസ് സബ്സിഡി ലഭിക്കുന്നുണ്ട്. എന്നാൽ, സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ തീർഥാടനകാലം മുതൽ മെസ് സബ്സിഡി നിർത്തലാക്കുമെന്നു നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെസ് സബ്സിഡി നിർത്തലാക്കി ധനവകുപ്പ് ഉത്തരവും ഇറക്കിയിരുന്നു.
ഉദ്യോഗസ്ഥരിൽനിന്ന് ഒരു ദിവസത്തേക്ക് 100 നിരക്കിൽ മെസ് തുക ഈടാക്കാൻ നിർദേശിച്ച് ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി. സായുധസേനാ ബറ്റാലിയൻ ഡിഐജിയുടെ നേതൃത്വത്തിൽ പോലീസ് മെസ് ഉപയോഗിക്കുന്ന മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥ പ്രതിനിധികളെയും ഉൾപ്പെടുത്തി മെസ് കമ്മിറ്റി രൂപവത്കരിക്കാനായിരുന്നു നിർദേശം. മെസ് ഉപയോഗിക്കാൻ താത്പര്യമുള്ള മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽനിന്നു മുൻകൂറായി മെസ് കമ്മിറ്റിയിലേക്കു തുക വാങ്ങാവുന്നതാണെന്നും സർക്കാർ നിർദേശിച്ചിരുന്നു.
ഒരു ദിവസത്തേക്ക് 100 രൂപ എന്ന നിരക്കിൽ ഉദ്യോഗസ്ഥർ മുൻകൂട്ടി പണമടയ്ക്കണമെന്ന് എഡിജിപി ബറ്റാലിയൻ നിർദേശം നൽകിയിരുന്നു. 12 ദിവസത്തേക്ക് എന്ന തരത്തിൽ 1,200 രൂപ ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കാനാണു നിർദേശിച്ചത്. ഡ്യൂട്ടി കഴിയുന്പോൾ ബാക്കി തുക വരുന്നുണ്ടെങ്കിൽ അതു തിരികെ നൽകുമെന്നും അറിയിച്ചിരുന്നു. ശബരിമല ഡ്യൂട്ടി ചെയ്യുന്ന സിവിൽ പോലീസ് ഓഫിസർമാർക്ക് 2,000 രൂപയാണ് അലവൻസായി ലഭിക്കുന്നത്.