ഇന്ന് പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്രുവിന്‍റെ 133-ാം ജന്മദിനം. രാജ്യം ശിശുദിനമായാണ് നെഹ്രുവിന്‍റെ ജന്മദിനം കൊണ്ടാടുന്നത്. രാഷ്ട്രശില്‍പികളിലൊരാളായ നെഹ്രുവിന്‍റെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. 1889 നവംബർ 14നാണ് നെഹ്റുവിൻ്റെ ജനനം. കുട്ടികളോടുള്ള അദ്ദേഹത്തിൻ്റെ സ്‌നേഹവും അടുപ്പവും മൂലം പ്രസിദ്ധമാണ്. ഇതോടെയാണ് ചാച്ചാജി എന്ന ഓമനപ്പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള നെഹ്റു കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് എന്നും ആഗ്രഹിച്ചത്. ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും. കുരുന്ന് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.