27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍: മന്ത്രി വീണാ ജോര്‍ജ്
Kerala

എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍: മന്ത്രി വീണാ ജോര്‍ജ്

പ്രമേഹം മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയാണ് ലക്ഷ്യം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ വിജയകരമായതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്. പ്രമേഹം, രക്താദിമര്‍ദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ്, ഡയറ്റ് കൗണ്‍സിലിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴില്‍ ഈ സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ്. ഇതിലൂടെ പ്രമേഹം മാത്രമല്ല പ്രമേഹം മൂലമുള്ള ഗുരുതര രോഗങ്ങളേയും നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗനിര്‍ണയത്തിലെ കാലതാമസമാണ് പ്രമേഹത്തെ സങ്കീര്‍ണമാക്കുന്നത്. അതിനാല്‍ ശ്രദ്ധവേണം. ചിട്ടയായ വ്യായമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. ‘പ്രമേഹം: ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷയ്ക്കായി’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹ രോഗ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങാന്‍ വൈകുന്നതും അതിന്റെ സങ്കീര്‍ണതകളെ കുറച്ചുള്ള അജ്ഞതയുമാണ് ഈ രോഗത്തെ അപകടകാരിയാക്കുന്നത്. ആ അറിവ് ജനങ്ങളില്‍ എത്തിക്കുന്നതിന് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ഐസിഎംആറും നടത്തിയ പഠനത്തില്‍ കേരളത്തില്‍ 35 ശതമാനത്തിലേറെ പേര്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 15 ശതമാനം പേര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ പ്രമേഹത്തിന്റെ നിയന്ത്രണ നിരക്ക് 16 ആണ്. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രമേഹ നിയന്ത്രണ നിരക്ക് 50 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

പ്രമേഹം നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരുന്നു. ഏകദേശം 9 ലക്ഷത്തോളം പേരില്‍ പ്രമേഹ രോഗമുള്ളതായി ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയിലൂടെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 42 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ട്. അതില്‍ 8.6 ശതമാനം പേര്‍ക്ക് (3,62,375) പ്രമേഹ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.

സംസ്ഥാനത്തെ എല്ലാ കുടുംബക്ഷേമ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികള്‍ വരെ ജീവിതശൈലി രോഗ നിര്‍ണയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഈ ക്ലിനിക്കുകളില്‍ കൂടി പ്രമേഹത്തിനും രക്താദിമര്‍ദത്തിനും സൗജന്യമായി മരുന്ന് ലഭ്യമാക്കി വരുന്നു. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ പ്രാഥമികാരോഗ്യതലം മുതല്‍ സൗജന്യമായി ലഭ്യമാക്കുന്ന ഏക സംസ്ഥാനമാണ് കേരളം.

പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കുന്നതിനായി നോണ്‍ മിഡ്റിയാടിക് ക്യാമറകള്‍ 172 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ 14 ജില്ലാ ആശുപത്രികളിലും ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. 82 ആശുപത്രികളില്‍ ഡയബറ്റിക് ഫൂട്ട് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ അത്യാധുനിക ഉപകരണങ്ങളോടെ ഞരമ്പുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ സാധിക്കുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു

Related posts

കേരളത്തെ ഒന്നാമതെത്തിച്ചത്‌ ഇടതുപക്ഷ സര്‍ക്കാരുകള്‍: എന്‍ എസ് മാധവന്‍

Aswathi Kottiyoor

ക​ന​ത്ത മ​ഴ ; നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

Aswathi Kottiyoor

ഇന്ന് ഈസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox