24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൂട്ടിടാനൊരുങ്ങി പൊലീസ്; മിന്നൽപണിമുടക്ക് നടത്തിയാൽ നടപടി
Kerala

പൂട്ടിടാനൊരുങ്ങി പൊലീസ്; മിന്നൽപണിമുടക്ക് നടത്തിയാൽ നടപടി

കണ്ണൂർ: യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിന് പൂട്ടിടാൻ പൊലീസ്. മുന്നറിയിപ്പില്ലാതെ പണിമുടക്കിയാൽ നടപടിയെടുക്കും. സമരത്തിന് ആഹ്വാനംചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന വാട്സ്ആപ് ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷിക്കും. ഇത്തരം സന്ദേശങ്ങൾ പങ്കുവെക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും.

ജില്ലയിൽ തുടർച്ചയായി സ്വകാര്യ ബസുകളുടെ മിന്നൽപണിമുടക്കിനെ തുടർന്ന് കണ്ണൂർ പൊലീസ് അസി. കമീഷണർ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ ബസ് ഉടമ അസോസിയേഷൻ പ്രതിനിധികളുടെയും തൊഴിലാളി സംഘടന ഭാരവാഹികളുടെയും വിദ്യാർഥി സംഘടന ഭാരവാഹികളുടെയും യോഗം വെള്ളിയാഴ്ച ചേർന്നു.

മിന്നൽപണിമുടക്ക് നടത്തില്ലെന്ന് ബസ് ജീവനക്കാർ യോഗത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. എല്ലാ ബസുകളും വെള്ളിയാഴ്ച രാവിലെ മുതൽ സാധാരണപോലെ സർവിസ് നടത്തണമെന്ന് പൊലീസ് അറിയിച്ചിരുന്നു. വിദ്യാർഥികളോട് നിയമം കൈയിലെടുക്കരുതെന്നും ബസുകളെ തടയരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ബസ് സ്റ്റാൻഡുകളിലും വിദ്യാലയ സ്റ്റോപ്പുകളിലും പൊലീസ് സാന്നിധ്യമുണ്ടാകും. തൊഴിലാളികളും വിദ്യാർഥികളും പരസ്പരം മാന്യമായി പെരുമാറണമെന്നും എ.സി.പി അഭ്യർഥിച്ചു. കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ വിദ്യാർഥികളും ജീവനക്കാരും തമ്മിൽ വാക്കേറ്റമായതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ‘പിലാക്കുന്നുമ്മൽ’ ബസ് വിട്ടുനൽകണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു.

അടിക്കടിയുണ്ടാകുന്ന പണിമുടക്കും യാത്രപ്രശ്നങ്ങളും പരിഹരിക്കാനായി തിങ്കളാഴ്ച കലക്ടറുടെ നേതൃത്വത്തിൽ ബസ് ഉടമകളുടെയും ജീവനക്കാരുടെയും വിദ്യാർഥി, യാത്രക്കാരുടെ സംഘടനകളുടെയും യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഒരു ബസിൽ എത്ര വിദ്യാർഥികളെ കയറ്റാമെന്നത് അടക്കമുള്ള വിഷയങ്ങൾ യോഗം ചർച്ചചെയ്യും.

ബസ് പുറപ്പെടുന്നതിനുമുമ്പു തന്നെ കൂടുതൽ വിദ്യാർഥികൾ കയറി സീറ്റുകളിൽ ഇരിപ്പുറപ്പിക്കുന്നതിനാൽ മറ്റു യാത്രക്കാർ കയറുന്നില്ലെന്നാരോപിച്ചാണ് വ്യാഴാഴ്ച കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കിയത്. തുടർച്ചയായ മൂന്നു ദിവസം വിവിധ റൂട്ടുകളിൽ സ്വകാര്യ ബസുകൾ മിന്നൽപണിമുടക്ക് നടത്തിയത് യാത്രക്കാരെ ചില്ലറയൊന്നുമല്ല വലച്ചത്.

തിങ്കളാഴ്ച ഇരിട്ടിയിലെ കോളജിലേക്ക് പോവുകയായിരുന്ന കൂത്തുപറമ്പ് സ്വദേശിനിയായ വിദ്യാർഥിനിക്ക് ബസിൽ കയറുന്നതിനിടയിൽ ഡോറിടിച്ച് പരിക്കേറ്റതിന് പിന്നാലെ ബസ് ജീവനക്കാർക്ക് മർദനമേറ്റതാണ് ഇരിട്ടി-തലശ്ശേരി റൂട്ടിൽ മിന്നൽപണിമുടക്കിന് കാരണമായത്.

അടുത്തദിവസം കണ്ണൂർ-ഇരിട്ടി, കണ്ണൂർ-ഇരിക്കൂർ, കൂത്തുപറമ്പ്-നിടുംപൊയിൽ, കൂത്തുപറമ്പ്-പാനൂർ റൂട്ടുകളിലും ബസുകൾ ഓടിയില്ല. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിച്ച് പ്രശ്നം പരിഹരിച്ചതിന് പിന്നാലെയാണ് കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ ബസ് പണിമുടക്ക്.

ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി പരിമിതമായ സർവിസുകൾ മാത്രം നടത്തുന്നതിനാൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നതോടെ നിരവധി യാത്രക്കാരാണ് പെരുവഴിയിലാകുന്നത്.

ബസ് ഓപറേറ്റേഴ്സ് അസോ. ജില്ല സെക്രട്ടറി രാജ്കുമാർ കരുവാരത്ത്, ജില്ല ജോ. സെക്രട്ടറിമാരായ കെ.പി. മോഹനൻ, എം.കെ. പവിത്രൻ, ട്രേഡ് യൂനിയൻ നേതാക്കളായ കാരായി രാജൻ, എം. മോഹനൻ, താവം ബാലകൃഷ്ണൻ, സി.വി. ശശീന്ദ്രൻ, വിദ്യാർഥി സംഘടന നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related posts

ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും രോഗി മരിച്ചു

Aswathi Kottiyoor

നബാർഡിനെ കൊല്ലുന്നു ; ലക്ഷ്യം ദേശീയ സഹകരണ ബാങ്ക്‌

Aswathi Kottiyoor

മ​ര​ണ​നി​ര​ക്ക് മ​റ​ച്ചു​വ​യ്ക്കു​ന്നു; ആ​രോ​പ​ണം ത​ള്ളി മ​ന്ത്രി ഷൈ​ല​ജ

Aswathi Kottiyoor
WordPress Image Lightbox