വിദേശയാത്രയ്ക്കും വകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും വിമാനയാത്രയ്ക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവ്.
ഒഴിച്ചുകൂടാനാകാത്ത സന്ദർഭങ്ങളിൽ ധനവകുപ്പിന്റെ അനുമതിയോടെയും മന്ത്രിസഭയുടെ അംഗീകാരം തേടിയും മാത്രമേ ഇത്തരം കാര്യങ്ങളിൽ ഇളവ് അനുവദിക്കാൻ കഴിയുകയുള്ളൂ എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്യൻ പര്യടനം സംസ്ഥാനത്തിന്റെ തലവനായ ഗവർണറെപ്പോലും അറിയിച്ചില്ലെന്ന വിമർശനം ശക്തമാകുന്നതിനിടെയാണു വിദേശയാത്രയ്ക്കു മന്ത്രിസഭാ അനുമതി നിർബന്ധമാക്കിയത്.
സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതി ഏറെ മോശമായ സാഹചര്യത്തിലാണ് ഉത്തരവ്. വിദേശയാത്ര, വാഹനംവാങ്ങൽ, വിമാനയാത്ര, ടെലിഫോണ്‍ ഉപയോഗം ഉദ്യോഗസ്ഥ പുനർവിന്യാസം, ജോലി ക്രമീകരണ വ്യവസ്ഥ അടക്കമുള്ള വിഷയങ്ങളിൽ നിർദേശങ്ങൾക്കു വിരുദ്ധമായി ചില വകുപ്പുകളും സ്ഥാപനങ്ങളും നടപടി സ്വീകരിക്കുന്ന സാഹചര്യത്തിലാണു നിയന്ത്രണം.
സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ക്ഷേമനിധി ബോർഡുകളും കമ്മീഷനുകളും സഹകരണ- പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാരിന്റെ സഞ്ചിതനിധിയിൽനിന്നു ശന്പളം നൽകുന്ന ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്.
ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരേ കർശന അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.