ദില്ലി: കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾക്ക് താത്ക്കാലിക വിലക്ക്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം , കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി. ബംഗളൂരു അഡീഷണൽ സിറ്റി സിവിൽ കോടതിയാണ് വിലക്കിയത്. പകർപ്പവകാശ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് എംആർടി മ്യൂസിക്സിന്റെ എം നവീൻകുമാറാണ് രാഹുൽ ഗാന്ധിയുൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയത്. ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ ഹാൻഡിലിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കെജിഎഫ് 2 ൽ നിന്നുള്ള ഗാനം ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിനായി ഉപയോഗിച്ചുവെന്ന് മ്യൂസിക് കമ്പനി ആരോപിക്കുന്നു.
എന്നാൽ ഇത്തരത്തിലൊരു കോടതി നടപടിയെക്കുറിച്ച് അറിയില്ലെന്നും ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും പാർട്ടി ട്വീറ്റ് ചെയ്തു. ”കോൺഗ്രസ്, ഭാരത് ജോഡോ യാത്ര ഹാൻഡിലുകൾക്കെതിരെ ബംഗളൂരു കോടതിയിൽ നിന്നുള്ള ഉത്തരവ് സമൂഹമാധ്യമങ്ങളിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. ഉത്തരവിന്റെ കോപ്പി ഇതുവരെ ലഭിച്ചിട്ടില്ല. നിയമപരമായ പരിഹാരങ്ങൾക്ക് ശ്രമിക്കും.” ട്വീറ്റിൽ പറയുന്നു.
രാഹുൽഗാന്ധി, രാജ്യസഭാ എംപി ജയറാം രമേശ്, കോൺഗ്രസിന്റെ സോഷ്യൽമീഡിയ, ഡിജിറ്റൽ പ്ലാറ്റ് ഫോം മേധാവി സുപ്രിയാ ശ്രീനാതെ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. പകർപ്പവകാശ നിയമപ്രകാരമാണ് കേസെടുത്തത്. തുടർനടപടിയായിട്ടാണ് ട്വിറ്റർ ഹാൻഡിലുകൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.