24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തിൽ തൊഴിലില്ലായ്‌മ കുറയുന്നു; 4.8 ശതമാനംമാത്രം
Kerala

കേരളത്തിൽ തൊഴിലില്ലായ്‌മ കുറയുന്നു; 4.8 ശതമാനംമാത്രം

രാജ്യത്ത്‌ തൊഴിലില്ലായ്‌മ നിരക്ക്‌ കുതിച്ചുയരുമ്പോൾ കേരളത്തിൽ നിരക്ക്‌ കുത്തനെ കുറഞ്ഞു. സംസ്ഥാനത്ത് ഒക്ടോബറിൽ തൊഴിലില്ലായ്‌മ നിരക്ക്‌ 4. 8 ശതമാനമായി താഴ്‌ന്നു. ഒരുവർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. വ്യവസായം, കാർഷികം, നിർമാണം, ദിവസവേതന തൊഴിൽ, ചില്ലറ വ്യാപാരം തുടങ്ങിയ മേഖലകളിലെല്ലാം തൊഴിലവസരങ്ങൾ വർധിച്ചു. സെപ്‌തംബറിൽ തൊഴിലില്ലായ്‌മ നിരക്ക്‌ ആറ്‌ ശതമാനത്തിനു മുകളിലായിരുന്നു. ഇന്ത്യൻ ഇക്കോണമി മോണിറ്ററിങ് സെന്റർ (സിഎംഐഇ )ആണ് കണക്കുകൾ പുറത്തുവിട്ടത്.
രാജ്യത്ത്‌ ഒക്ടോബറിൽ തൊഴിലില്ലായ്‌മ നിരക്കിൽ വൻവർധന രേഖപ്പെടുത്തി. 7.8 ശതമാനം. സെപ്‌തംബറിൽ 6.4 ശതമാനമായിരുന്നു. കോവിഡിനുശേഷം നേരിയകുറവ്‌ അനുഭവപ്പെട്ടെങ്കിലും വീണ്ടും കുതിച്ചുകയറുന്നതിന്റെ സൂചനയാണുള്ളത്. ഹരിയാനയിലാണ് ഏറ്റവുമുയർന്ന തൊഴിലില്ലായ്മ നിരക്ക്.- 31.8 ശതമാനം. രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്, ത്രിപുര സംസ്ഥാനങ്ങളും തൊഴിലില്ലായ്മയിൽ മുന്നിലാണ്. 0.8 ശതമാനം മാത്രമുള്ള മധ്യപ്രദേശാണ് തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനം.

ഗ്രാമീണ മേഖലയിൽ അതിരൂക്ഷം

രാജ്യത്തെ ഗ്രാമീണമേഖലയിൽ സെപ്‌തംബറിനേക്കാൾ ഒക്ടോബറിൽ തൊഴിലില്ലായ്മ രൂക്ഷമായി. 5.84 ശതമാനത്തിൽനിന്ന് എട്ടുശതമാനത്തിലെത്തി. സേവനമേഖലകളിൽമാത്രം 7.9 ദശലക്ഷം തൊഴിലവസരം ഒരുമാസത്തിനിടെ നഷ്ടപ്പെട്ടു. ഇതിൽ 4.6 ദശലക്ഷം ഗ്രാമീണ ഇന്ത്യയിലും 3.3 ദശലക്ഷം നഗരപ്രദേശങ്ങളിലുമാണ്‌. ഗ്രാമീണ ചില്ലറവ്യാപാര മേഖല തൊഴിൽനഷ്ടങ്ങളുടെ പ്രധാന കേന്ദ്രമായി. ഒക്ടോബറിൽ നഷ്ടപ്പെട്ട 4.6 ദശലക്ഷം ഗ്രാമീണ സേവന ജോലികളിൽ 4.3 ദശലക്ഷവും ചില്ലറ വ്യാപാര മേഖലയിലാണ്‌.

നഗരങ്ങളിൽ നേരിയ ആശ്വാസം

നഗരങ്ങളിൽ നേരിയ ( 0.8 ദശലക്ഷം) തൊഴിലവസരങ്ങളുടെ വർധന രേഖപ്പെടുത്തി. വ്യാവസായിക മേഖലയിൽ ഒക്ടോബറിൽ 5.3 ദശലക്ഷം തൊഴിലവസരമാണ്‌ നഷ്ടമായത്‌. നിർമാണമേഖലയിൽ 10 ലക്ഷത്തിലധികം തൊഴിലവസരം ഇല്ലാതാക്കി. ഒക്ടോബറിലെ തൊഴിൽ നഷ്‌ടങ്ങൾ പ്രധാനമായും ദിവസക്കൂലി തൊഴിലാളികളെയാണ്‌ ബാധിച്ചത്‌. കാർഷികമേഖല പിടിച്ചുനിന്നു.

ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്

തിരുവനന്തപുരം> സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണെന്ന്‌ തൊഴിൽമന്ത്രി വി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. പിഎസ്‌സിയുടെ പരിധിയിൽ വരുന്ന താൽക്കാലിക ഒഴിവുകളും പിഎസ്‌സി പരിധിയിൽ വരാത്ത സ്ഥിരം–- – താൽക്കാലിക ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണ് നികത്തുന്നത്. ഒഴിവുകൾ വരുന്ന സമയത്ത് അതത് സ്ഥാപനങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യും. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ ചെയ്ത നിശ്ചിത യോഗ്യതയുള്ളവരുടെ പട്ടിക സ്ഥാപനത്തിനു കൈമാറും.ഇവരിൽനിന്നാണ് ഒഴിവുകൾ നികത്തുന്നത്. എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിനു കീഴിലുള്ള എല്ലാ ഓഫീസുകളും ഡിജിറ്റലൈസ്‌ഡ് ആണ്. ഇ–– ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related posts

മഴമേഘങ്ങൾ ചതിച്ചില്ലെങ്കിൽ വാൽനക്ഷത്രം കാണാം

Aswathi Kottiyoor

ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം*

Aswathi Kottiyoor

രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സ് വൈ​റ​സ് ബാ​ധ 50 പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു; കേ​ര​ള​ത്തി​ലും ജാ​ഗ്ര​ത

Aswathi Kottiyoor
WordPress Image Lightbox