വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ‘സേ ഹലോ ടു യുവർ നെയ്ബർ’ എന്ന പേരിൽ അയൽവാസികളുമായി നല്ല സൗഹൃദം സ്ഥാപിച്ച് പൊതുസുരക്ഷ ശക്തിപ്പെടുത്താൻ കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സമൂഹ മാധ്യമ ക്യാമ്പയിനാണ് “സെ ഹലോ ടു യുവർ നെയ്ബർ’.
നഗരങ്ങളിലെ അപ്പാർട്ട്മെന്റുകളിൽ അയൽപക്കത്തെ താമസക്കാർ ആരെന്നറിയാതെ ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പദ്ധതി ആരംഭിച്ചത്. കൂട്ടായ്‌മകൾ വർധിപ്പിച്ച് അയൽക്കാർ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കലാണ് ലക്ഷ്യം. ഫ്ലാറ്റുകളിലും മറ്റും ഒറ്റയ്‌ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇതിലൂടെ കഴിയും. അയൽക്കാർ തമ്മിലുളള അടുപ്പം കുട്ടികളുടെ ഒത്തുചേരലിനിടയാക്കും. ഇത് സുരക്ഷിതത്വം വർധിപ്പിക്കും.
അപ്പാർട്ട്മെന്റുകളിലെ കുട്ടികളുടെ പാർക്കുകളിലെ സന്ദർശനം, ജോലി സ്ഥലത്തേക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദർശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാനാകും. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതായും പൊലീസ് അറിയിച്ചു.