സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിഹിതം വർധിപ്പിക്കാൻ പ്രഥമാധ്യാപകർ മുറവിളി കൂട്ടുന്നതിനിടെ ഇതിനെ മറികടക്കാൻ സ്വന്തം പച്ചക്കറി തോട്ടങ്ങൾ ആരംഭിക്കാൻ നിർദേശം.
വിഷരഹിത പച്ചക്കറി സ്കൂൾ അടുക്കളത്തോട്ടത്തിൽ നിന്നുതന്നെ ഉത്പാദിപ്പിച്ച് കുട്ടികൾക്ക് നൽകുന്ന പദ്ധതിയുടെ ഭാഗമാണിത്. ഉച്ചഭക്ഷണ പദ്ധതിക്ക് പച്ചക്കറി പുറമേനിന്നു വാങ്ങുന്നത് ഇതിലൂടെ ഒഴിവാക്കാം. കുട്ടികൾക്ക് നൽകുന്ന മുട്ടയുടെ ഉത്പാദനവും സ്കൂളിൽ തന്നെ കോഴിയെ വളർത്തിക്കൊണ്ട് നടത്താനാകുമോയെന്ന ആലോചനയുമുണ്ട്. ഇതിന്റെയെല്ലാം ഉത്തരവാദിത്വം പ്രഥമാധ്യാപകർക്കു തന്നെയാണെന്നതാണ് വിചിത്രം.
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സർക്കാർ ഉത്തരവ്. തിരുവനന്തപുരത്ത് സംസ്ഥാനത്താകെയുള്ള 163 ഉച്ചഭക്ഷണ ഓഫീസർമാരുടെയും 14 ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെയും യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 30 നുള്ളിൽ എല്ലാ സ്കൂളിലും അടുക്കള പച്ചക്കറിത്തോട്ടം സജ്ജീകരിക്കപ്പെടുന്നുണ്ടെന്ന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ ഉറപ്പ് വരുത്താനും നിർദേശമുണ്ട്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്കൂളുകൾ പരിശോധിച്ച് ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട അലവൻസ്, മോണിറ്ററിംഗ് ഉദ്യോഗസ്ഥരുടെ ടിഎ എന്നിവ വർധിപ്പിക്കുന്നത് പരിഗണനയിലാണെന്നാണ് യോഗത്തിന്റെ മിനിട്ട്സിലും പറയുന്നത്. സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് ചെലവിനത്തിൽ ഒരു കുട്ടിക്ക് ഇപ്പോഴും നൽകുന്നത് എട്ട് രൂപയാണ്. ഇത് വർധിപ്പിക്കാൻ തത്വത്തിൽ തീരുമാനമായെങ്കിലും ഉത്തരവിറങ്ങിയില്ല. പദ്ധതിയുടെ കേന്ദ്രവിഹിതം കൂട്ടി നൽകിയെങ്കിലും ചെലവു വിഹിതം വർധിപ്പിക്കാൻ സംസ്ഥാനം തയാറായിരുന്നില്ല.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട അവലോകനത്തിനു യോഗം ചേരുന്നതിനു മുന്പ് നിലവിലുള്ള സ്കൂൾ പച്ചക്കറി തോട്ടങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കൂടാതെ കോഴികളെ വളർത്തുന്നതിനുള്ള സംവിധാനമുള്ള സ്കൂളുകളുടെ വിവരങ്ങളും തേടി. ഇതിനു പിന്നാലെയാണ് പച്ചക്കറി തോട്ടം നിർബന്ധമാക്കി നിർദേശമുണ്ടായത്. സ്ഥലലഭ്യത കുറവുള്ള സ്കൂളുകളിൽ കൃഷിവകുപ്പിന്റെ സഹകരണത്തിൽ ഗ്രോബാഗ് കൃഷി നടത്താനാണ് നിർദേശം.
പ്രഭാതഭക്ഷണവും വ്യാപകമാക്കും
സംസ്ഥാനത്തെ 2200 ഓളം സ്കൂളുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സ്കൂൾ പിടിഎ യുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി വരുന്നുണ്ട്. ഇത് കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ നേതൃപരമായ പങ്ക് വഹിക്കണം.
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ സ്കൂളുകളിലേയും ഭക്ഷണ സാമ്പിളുകൾ എൻഎബിഎൽ അക്രഡിറ്റേഷനുള്ള ലബോറട്ടറികളിൽ മൈക്രോ ബയോളജിക്കൽ, കെമിക്കൽ പരിശോധനകൾക്ക് വിധേയമാക്കുന്നതിനും ജലഅഥോറിറ്റിയുടെ ലാബോറട്ടറികളിൽ കുടിവെള്ളം പരിശോധിക്കുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കേന്ദ്ര ധനസഹായത്തോടെ പദ്ധതിയുടെ ഫ്ലക്സി ഫണ്ട് വിനിയോഗിച്ച് വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബൽ മേഖലകളിലേയുംഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കുന്നതിന് ആലോചിക്കുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ പാചകതൊഴിലാളികൾക്കും സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെ ഇക്കൊല്ലം പരിശീലനം നൽകും.