ആലപ്പുഴ: ആലപ്പുഴ അരൂരിൽ നിർത്തിയിട്ട സ്കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. അരൂര്‍ വടശേരി വീട്ടില്‍ തങ്കച്ചന്റെ മകന്‍ ബിജോയ് (21), കളപ്പുരക്കല്‍ വെളിയില്‍ ബിനുവിന്റെ മകന്‍ അഭിജിത്ത് (23 ), കപ്പലിങ്കല്‍ വീട്ടില്‍ ഗിരീഷിന്റെ മകന്‍ ആല്‍വില്‍ (22) എന്നിവരാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന്റെ ഗ്രഹപ്രവേശം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.
പുലർച്ചെ രണ്ട് മണിയോടു കൂടിയായിരുന്നു സംഭവം. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. നിർത്തിയിട്ടിരുന്ന ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. മൃതദേഹം ലേക്‌ഷോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.