രോഗിയുടെ മുന്‍കാല ചികിത്സാ ചീട്ടോ മരുന്നിന്റെ കുറിപ്പടിയോ ഇല്ലാതെ ഇനി രാജ്യത്തെവിടെയും ചികിത്സ തേടാൻ പര്യാപ്തമായ വിപ്ലവകരമായ മാറ്റത്തിനു തയാറെടുത്ത് ആരോഗ്യമേഖല.
രാജ്യത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഏകീകൃത ശൃംഖലയില്‍ എത്തിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഡോക്ടറുടെ മുമ്പിലിരിക്കുന്ന കംപ്യൂട്ടറില്‍ ഒരിക്കല്‍ ചികിത്സ തേടിയ വ്യക്തിയുടെ സകല വിവരങ്ങളും രാജ്യത്തെ ഏത് ആശുപത്രിയിലും ലഭിക്കുന്ന തരത്തിലും രഹസ്യാത്മകത കാത്തു സൂക്ഷിക്കുന്ന വിധത്തിലുമാണ് പദ്ധതി ഒരുങ്ങുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളെ ഒരുകുടക്കീഴിലാക്കി രാജ്യത്ത് ആദ്യമായി കേരളത്തില്‍ ഇതേമാതൃകയില്‍ ചികിത്സ ലഭ്യമാക്കിയിരുന്നു.
അഞ്ഞൂറോളം ആശുപത്രികളാണ് ഇതില്‍ പങ്കാളികളായിട്ടുള്ളത്. ഇതിന്റെ ചുവടുപിടിച്ചാണ് രാജ്യമാകെ ഇത്തരം സേവനം സ്വകാര്യ ആശുപത്രികളെ കൂടി കോര്‍ത്തിണക്കി ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്.
റൂറലില്‍ ടെലിമെഡിസിന്‍ എത്തും
സംസ്ഥാനത്തു നിലവില്‍ ടെലിമെഡിസിന്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയില്‍ ഇവയുടെ പ്രയോജനം പലപ്പോഴും വെല്ലുവിളിയാണ്. ഇതിനു പരിഹാരവുമായി ഐഎസ്ആര്‍ഒ പുതിയ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങുകയാണ്.
നെറ്റ്വര്‍ക്ക് സംവിധാനത്തിന്റെ അപര്യാപ്തതയാണ് പ്രധാന തടസമായിരുന്നത്. പ്രത്യേക പദ്ധതി നടപ്പിലാകുന്നതോടെ ഇതിന് പരിഹാരമാകും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ആശുപത്രികളില്‍ നേരിട്ടെത്താതെ ഡോക്ടറുടെ സേവനം ലഭ്യമാകുന്നതിനുള്ള ബോധവത്കരണ ക്ലാസുകളും ഊരുകള്‍ കേന്ദ്രീകരിച്ചു നടക്കും.