24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അർബൻ മൊബിലിറ്റി സമ്മേളനത്തിന്‌ തുടക്കം
Kerala

അർബൻ മൊബിലിറ്റി സമ്മേളനത്തിന്‌ തുടക്കം

ഇന്ത്യൻ നഗരങ്ങളിലെ ഗതാഗതസംവിധാനങ്ങളുടെ ഭാവിവികസനത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്ന 15––ാമത്‌ അർബൻ മൊബിലിറ്റി കോൺഫറൻസും പ്രദർശനവും ബോൾഗാട്ടിയിലെ ഗ്രാൻഡ്‌ ഹയാത്തിൽ തുടങ്ങി.

സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും പ്രദർശനം കേന്ദ്ര നഗരകാര്യമന്ത്രി ഹർദീപ് സിങ് പുരിയും ഉദ്ഘാടനം ചെയ്‌തു. ആസാദി @75 സുസ്ഥിര ആത്മനിർഭര നഗരഗതാഗതം എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം ആറിന്‌ സമാപിക്കും. നഗരഗതാഗതവുമായി ബന്ധപ്പെട്ട വിവിധ സമ്മേളനങ്ങൾ, ടെക്‌നിക്കൽ സെഷനുകൾ, കോൺക്ലേവ്‌, സിമ്പോസിയം എന്നിവ ആദ്യദിനം നടന്നു. കാലാവസ്ഥാ വ്യതിയാനവും പൊതുഗതാഗതവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡിഎംആർസി മുൻ എംഡി ഡോ. മങ്കു സിങ് മോഡറേറ്ററായി. ബസുകളെ അടിസ്ഥാനമാക്കിയുള്ള പൊതുഗതാഗതം, സ്‌റ്റാർട്ടപ്പുകൾ എന്നീ ചർച്ചകളും സുസ്ഥിരനഗരവികസനത്തെക്കുറിച്ച്‌ കോൺക്ലേവും നടന്നു.

വൈദ്യുതി അധിഷ്‌ഠിത നഗരഗതാഗതം, സുസ്ഥിര ഗതാഗത വികസനം, നഗരഗതാഗത ഭരണം എന്നീ സിമ്പോസിയങ്ങളും വിവിധ സെമിനാറുകളും ശനിയാഴ്‌ച നടക്കും. ഉദ്‌ഘാടനസമ്മേളനത്തിൽ സംസ്ഥാന ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, കെപിഎംജി മേധാവി ഏലിയാസ്‌ ജോർജ്‌, കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ എന്നിവരും സംസാരിച്ചു. കേരള ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിന്റെ ഉദ്‌ഘാടനവും സമ്മേളനത്തിന്റെ വീഡിയോ പ്രകാശിപ്പിക്കലും കേന്ദ്രമന്ത്രി ഹർദീപ്‌ സിങ് പുരി നിർവഹിച്ചു.

പൊതുഗതാഗതത്തിന്‌ 
മുന്തിയ പരിഗണന: മുഖ്യമന്ത്രി
തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ്‌ മെട്രോ പദ്ധതിക്ക്‌ കേന്ദ്രസർക്കാരിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ . പൊതുഗതാഗത സംവിധാനത്തിന്റെ വികസനത്തിന്‌ മുന്തിയ പ്രാധാന്യമാണ്‌ സംസ്ഥാന സർക്കാർ നൽകുന്നത്‌. വാണിജ്യതലസ്ഥാനമെന്ന നിലയിൽ കൊച്ചിക്ക്‌ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ടെങ്കിലും മറ്റു നഗരങ്ങളെക്കൂടി പരിഗണിച്ചുള്ള പദ്ധതികൾ ആവിഷ്‌കരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ബോൾഗാട്ടി ഗ്രാൻഡ്‌ ഹയാത്തിൽ പതിനഞ്ചാമത്‌ അർബൻ മൊബിലിറ്റി സമ്മേളനം വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലൈറ്റ്‌ മെട്രോകൾക്ക്‌ തത്വത്തിൽ അംഗീകാരം നൽകി. രണ്ടു നഗരങ്ങളിലെയും സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കാൻ കേന്ദ്രസ്ഥാപനമായ യുഎംടിസിയെ ചുമതലപ്പെടുത്തി. കൊച്ചിയിൽ ആരംഭിക്കുന്ന ജലമെട്രോ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയിലും കൊല്ലത്തും പഠനങ്ങൾ നടത്തി. കൊച്ചിയുടെ മാതൃക മറ്റിടങ്ങളിലേക്കും പകർത്താൻ എല്ലാ സഹായവും നൽകാൻ കെഎംആർഎല്ലിനോട്‌ നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനുപിന്നാലെ നെടുമ്പാശേരിയിലേക്കുള്ള പാതയും തൃപ്പൂണിത്തുറയെയും കാക്കനാടിനെയും ബന്ധിപ്പിച്ചുള്ള പാതയും ഹൈക്കോർട്ട്‌–-മറൈൻഡ്രൈവ്‌ പാതകളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. ഇതോടൊപ്പം ജലമെട്രോ സംവിധാനവും കൂടുതൽ പ്രദേശങ്ങളെ ബന്ധിപ്പിക്കും. പൊതുഗതാഗതത്തിന്റെ കണക്‌ടിവിറ്റി വർധിപ്പിക്കാനും അതുവഴി കൂടുതൽപേരെ അതിലേക്ക്‌ ആകർഷിക്കാനും ഇതിലൂടെ കഴിയും.

വൈദ്യുതി വാഹനനയം 2018ൽ പാസാക്കി. വൈദ്യുതി ഓട്ടോകൾക്ക്‌ 30,000 രൂപ സബ്‌സിഡി നൽകുന്നതിനുപുറമെ ഇന്ധനമാറ്റത്തിന്‌ 15,000 രൂപയുടെ സബ്‌സിഡിയും ബജറ്റിൽ പ്രഖ്യാപിച്ചു. നികുതി ഇളവും നൽകുന്നു. കെഎസ്‌ആർടിസിയും മോട്ടോർവാഹനവകുപ്പും വൈദ്യുതിവാഹനങ്ങളിലേക്ക്‌ മാറാനും തീരുമാനമായി.

Related posts

ന​ഷ്​ട​മാ​യ​ത് സ​ഹോ​ദ​ര​നെ: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഇത് ലിംഗവിവേചനം, ഈ മാനസികാവസ്ഥ മാറണം’; സ്ത്രീകള്‍ക്കും എന്‍ഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി.

Aswathi Kottiyoor

ഇനി പടക്കങ്ങള്‍ ട്രെയിനില്‍ കടത്തിയാല്‍ പണികിട്ടും; വിഷുവിന് മുന്നോടിയായി മുന്നറിയിപ്പുമായി ആര്‍പിഎഫ്

Aswathi Kottiyoor
WordPress Image Lightbox