ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങള്‍ പൊളിച്ച് ഫ്ളൈഓവര്‍ പണിയാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രദേശവാസികള്‍ സമരത്തിന് ഒരുങ്ങുന്നു.സര്‍ക്കാര്‍ തീരുമാനം എന്തായാലും പൈതൃക സ്വത്തായ അഗ്രഹാരങ്ങള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. വിഷയത്തില്‍ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.
തിരുവനന്തപുരം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയിലാണ് അട്ടക്കുളങ്ങര മുതല്‍ അഴിക്കോട്ടവരെയുള്ള ഭാഗത്ത് ഫ്ളൈഓവര്‍ പണിയാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ മറവില്‍ പുരാവസ്തു വകുപ്പ് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ അഗ്രഹാരങ്ങള്‍ പൊളിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് ശക്തമായ പ്രതിഷേധം ആരംഭിക്കാന്‍ നാട്ടുകാര്‍ ആലോചിക്കുന്നത്.