കണ്ണൂർ: സപ്ലൈകോ വിൽപ്പനശാലകളിലേക്ക് പൊതുജനങ്ങളെ ആകർഷിക്കുന്നതിനായി ഉപഭോക്താക്കളെ ജീവനക്കാർ കൂപ്പു കൈകളോടെ നമസ്കാരം പറഞ്ഞു സ്വീകരിക്കണമെന്ന് കർശന നിർദേശം. ഇന്നലെയാണ് സപ്ലൈകോ സിഎംഡി ഇതു സംബന്ധിച്ച നിർദേശം കൃത്യമായി പാലിക്കണമെന്ന് കാണിച്ച് ബന്ധപ്പെട്ടവർക്ക് ഉത്തരവയച്ചത്.
2022 ജൂൺ ഒന്നു മുതൽ വിൽപ്പന ശാലകളിലെത്തുന്ന ഉപഭോക്താക്കാളെ കൂപ്പു കൈകളോടെ നമസ്കാരം പറഞ്ഞ് സ്വീകരിക്കണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും പലയിടത്തും പാലിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ എട്ടു വരെ ഒരാഴ്ചക്കാലം വില്പനശാലകളിലെത്തുന്നവരെ കൂപ്പുകൈകളോടെ നമസ്കാരം പറഞ്ഞ് നിർബന്ധമായും സ്വീകരിക്കണമെന്നാണ് നിർദേശം.
ഇത്തരം സമീപനത്തിലൂടെ ഉപഭോക്താക്കളെ വീണ്ടും വീണ്ടും വില്പന കേന്ദ്രങ്ങളിലെത്തിക്കാൻ സഹായിക്കുമെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാർ ഇത്തരത്തിൽ പെരുമാറുന്നുണ്ടെന്ന് മേഖലാ മാനേജർമാരും ഡിപ്പോ മാനേജർമാരും ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.