കണ്ണൂർ: കേരള വിപണിയിൽ ലഭിക്കുന്ന കറിപ്പൊടികൾ, മസാല ഇനങ്ങൾ എന്നിവയിൽ മാരകമായ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ ഇത്തരം കന്പനികളെ സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിലെ ആരോഗ്യമന്ത്രി സ്വീകരിക്കുന്നതെന്ന് കറുവപ്പട്ട കർഷകൻ കണ്ണൂർ സ്വദേശി ലിയോണാർഡ് ജോൺ.
കാക്കനാട് സർക്കാർ ലാബിൽനിന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ടുമാസം കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ട ഫുഡ് സേഫ്റ്റി വകുപ്പോ സർക്കാരോ ഒരു നടപടിയും കൈക്കൊള്ളാതെ ജനങ്ങളെ കിഡ്നി, കാൻസർ രോഗികളാക്കി മാറ്റുകയാണെന്ന് കണ്ണൂരിൽ പത്രസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
വിവരാവകാശ പ്രകാരം തിരുവനന്തപുരത്തെ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഓഫീസിൽനിന്നുള്ള മറുപടിയിൽ പറയുന്നത് കീടനാശിനിയുള്ള മുളകുപൊടി ബാച്ചുകൾ പിൻവലിക്കാൻ കന്പനി അധികൃതരോട് അപേക്ഷിച്ചുവെന്നാണ്. ഇത് ഒത്തുകളിയും പൊതുജനങ്ങളെ വിഡ്ഢികളാക്കുന്നതുമാണ്.
എത്തിയോൺ കീടനാശിനിയുള്ളതായി തെളിഞ്ഞ മുളക്, മസാല ഉത്പന്ന നിർമാതാക്കൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കാനും ഏതാനും കന്പനികളുടെ ലൈസൻസ് നിർത്തലാക്കാനും കോടതി ഉത്തരവുണ്ടായിട്ടും ഫുഡ് സേഫ്റ്റി വകുപ്പ് ഉരുണ്ടുകളിക്കുകയാണ്.
മുളകുപൊടി പരിശുദ്ധമാണെന്ന തരത്തിൽ പരസ്യത്തിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകിയ സിനിമാ നടിക്കെതിരെ ലീഡിംഗ് അഡ്വർടൈസിംഗ് കന്പനിയുമായി ചേർന്ന് നിയമ നടപടി സ്വീകരിക്കുമെന്നും ലിയോണാർഡ് ജോൺ പറഞ്ഞു.
previous post