ലഹരിക്കെതിരായി കേരളം നടത്തുന്ന പോരാട്ടം തുടരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘നോ ടു ഡ്രഗ്സ്’ ക്യാംപെയിന്റെ അടുത്ത ഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ സംഘടിപ്പിക്കുമെന്നും ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോ ടു ഡ്രഗ്സ് ക്യാംപെയിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ച ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളപ്പിറവി ദിനത്തിൽ കേരളം ഒരുക്കിയ ലഹരി വിരുദ്ധ ചങ്ങലയോടെ ലഹരിക്കെതിരായ പോരാട്ടം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരായി തീർത്ത ചങ്ങലയുടെ കണ്ണി പൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിതത്തിലുടനീളം തുടരുമെന്നുമായിരിക്കണം ഓരോരുത്തരുടേയും പ്രതിജ്ഞയും നിലപാടും. സംസ്ഥാനത്തെ എല്ലാ ആളുകളും ഏതെങ്കിലും തരത്തിൽ നോ ടു ഡ്രഗ്സ് ക്യാംപെയിന്റെ ആദ്യ ഘട്ടത്തിൽ ഭാഗഭാക്കായി. ഇതിൽ വിദ്യാർഥി സമൂഹത്തിന്റെ പങ്കു വലുതാണ്. ലഹരിയുണ്ടാക്കുന്ന വൈകൃതത്തിന് ഇരയാകില്ലെന്നു വിദ്യാർഥികൾ തീരുമാനിച്ചുറപ്പിച്ച് ക്യാംപെയിനു പിന്നിൽ അണിനിരന്നു. കേരളമാകെ സൃഷ്ടിച്ച ലഹരി വിരുദ്ധ ശൃംഖല ഇതിന്റെ പ്രത്യക്ഷ തെളിവായി. വിദ്യാർഥികൾ നൽകുന്ന ഈ സന്ദേശം ലഹരിക്കെതിരായ പോരാട്ടത്തിനു വലിയ കരുത്തു പകരുന്നതാണ്.
വിദ്യാർഥികളേയും പിഞ്ചുകുഞ്ഞുങ്ങളേയും ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരുടെ പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ അടിപ്പെടുകയോ ദുസ്വാധീനത്തിനു കീഴ്പ്പെടുകയോ ചെയ്യില്ലെന്ന് കേരളത്തിലെ വിദ്യാർഥികൾ ഉറക്കെ പ്രഖ്യാപിക്കുകയാണ്. നാടിന്റെ ഭാവിയെ സംബന്ധിച്ചു വലിയ പ്രതീക്ഷ നൽകുന്നതാണിത്. നോ ടു ഡ്രഗ്സ് ക്യംപെയിന്റെ ഭാഗമായി അധ്യാപകർ, രക്ഷകർത്താക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥവൃന്ദം തുടങ്ങി ആബാലവൃദ്ധം ജനങ്ങൾ ഒന്നിച്ച് അണിനിരന്നു. പൊലീസ്, എക്സൈസ് വകുപ്പുകൾ ക്യാംപെയിനിൽ ഫലപ്രദമായി ഇടപെട്ടു പ്രവർത്തിച്ചു. ലഹരിക്കെതിരേ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം കുറ്റം ചെയ്യുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കി നടപടിയെടുക്കാൻ കഴിഞ്ഞു. ആവർത്തന സ്വഭാവത്തോടെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരേ കർക്കശ നടപടികളിലേക്കു നീങ്ങി. പഴുതടച്ചുള്ള നിയമ നടപടികൾ, കരുതൽ തടങ്കൽ, കഠിന ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകൾ ചേർക്കൽ തുടങ്ങി എല്ലാ നടപടികളും ലഹരി മാഫിയയ്ക്കെതിരേ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഒന്നാം ഘട്ടത്തിനു നൽകിയ പൂർണ പിന്തുണ രണ്ടാം ഘട്ടത്തിലും ഉണ്ടാകണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, ആർ. ബിന്ദു, ആന്റണി രാജു, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഡി.ജി.പി. അനിൽ കാന്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
തിരുവനന്തപുരം നഗരത്തിൽ ഒരുക്കിയ ലഹരി വിരുദ്ധ ശൃംഖലയിൽ ആയിരക്കണക്കിനു വിദ്യാർഥികളും യുവാക്കളും കണ്ണിചേർന്നു ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ശൃംഖലയിൽ കണ്ണിചേർന്നു. പൊതുസമ്മേളനത്തിനു ശേഷം പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു കുഴിച്ചിട്ടു. രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കലാ കായിക താരങ്ങൾ തുടങ്ങിയവർ ലഹരി വിരുദ്ധ ശൃംഖലയിൽ കണ്ണിചേർന്നു.