പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമാകാതെ കുതിച്ചുയരുന്നതില്‍ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നല്‍കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ജനുവരിക്കുശേഷം തുടര്‍ച്ചയായി മൂന്ന് പാദത്തിലും പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിന് മുകളിലാണ്. 2016ൽ പണനയം ചട്ടക്കൂട് നിലവില്‍വന്നശേഷം പണപ്പെരുപ്പം നിയന്ത്രിക്കാനാകാത്തവിധം ആറുശതമാനത്തിന് മുകളില്‍ തുടരുന്നത് ആദ്യമാണ്. പണപ്പെരുപ്പ നിരക്ക് നാലായി നിലനിർത്തുക; പരമാവധി രണ്ടുശതമാനം കൂടുകയോ കുറയുകയോ ആകാം എന്ന ലക്ഷ്യവുമായാണ് 2016ൽ പണനയം ചട്ടക്കൂട് നടപ്പാക്കിയത്. ഈ ലക്ഷ്യം സാധ്യമാകാതെ വന്നതോടെയാണ് ആര്‍ബിഐ പണനയസമിതി പ്രത്യേകയോഗം ചേര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത്.
റിപ്പോർട്ടിൽ പണപ്പെരുപ്പ നിരക്ക് കൂടാനുണ്ടായ കാരണങ്ങളും വിലക്കയറ്റം തടയാനുള്ള മാർഗങ്ങളും ആർബിഐ വിശദീകരിക്കും. റിപ്പോർട്ട് തയ്യാറാക്കാൻ ആർബിഐ നവംബർ മൂന്നിന് പണനയ സമിതിയുടെ (എംപിസി) യോഗം വിളിച്ചിട്ടുണ്ട്. ആറംഗങ്ങളുള്ള സമിതിയുടെ തലവൻ ആർബിഐ ഗവർണറാണ്. റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്ന് നേരത്തേ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. സർക്കാർ പരസ്യപ്പെടുത്തുമോ എന്നത് വ്യക്തമല്ല.
ഉപഭോക്തൃ വിലസൂചിക അനുസരിച്ച് കഴിഞ്ഞ ജനുവരിയിലെ വിലക്കയറ്റം ആറ് ശതമാനമായിരുന്നു. സെപ്‌തംബറിൽ ഇത് 7.41 ആയി. പണപ്പെരുപ്പം പിടിച്ചുനിർത്താൻ കഴിഞ്ഞ മേയ് മുതൽ ആർബിഐ പലിശ നിരക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. നിലവിൽ റിപ്പോ നിരക്ക് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന തോതായ 5.9 ശതമാനത്തിലാണ്.