ഡിജിറ്റൽ സർവേ നടക്കുന്ന വില്ലേജുകളിലെ ഭൂവുടമകൾ ആവശ്യപ്പെട്ടാൽ സർവേ ഓഫിസുകളിൽനിന്ന് അവരുടെ ഭൂമിയുടെ അളവും സ്കെച്ചും പ്ലാനും അടക്കമുള്ള രൂപരേഖയും ലഭിക്കും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന മുറയ്ക്കാണ് ഭൂമിയുടെ അളവ് അടക്കം രേഖപ്പെടുത്തിയ രൂപരേഖയുടെ പ്രിന്റൗട്ട് നൽകുക.
ഉടമയുടെ സാന്നിധ്യത്തിൽ ഭൂമിയുടെ ഡിജിറ്റൽ സർവേ നടക്കുന്പോൾ തന്നെ വിസ്തീർണം അടക്കമുള്ളവ വ്യക്തമാകും. റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ, കോർസ്, ആർടികെ റോവർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു ഡിജിറ്റൽ സർവേ നടക്കുന്പോൾ തന്നെ ഭൂമിയുടെ അളവ് അടക്കമുള്ള വിവരങ്ങൾ സ്ക്രീനിൽ തെളിയും. ഇവിടെവച്ചുതന്നെ പ്രിന്റൗട്ട് നൽകാമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളതെങ്കിലും ഇത്രയും സംവിധാനങ്ങൾ കരുതാൻ കഴിയില്ലെന്നാണ് സർവേ വിഭാഗം റവന്യു വകുപ്പിനെ അറിയിച്ചിട്ടുള്ളത്. എല്ലാ തദ്ദേശ സ്ഥാപനത്തിലും ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട ഓഫീസ് തുറക്കുന്നുണ്ട്. ഇവിടെനിന്നു കരം അടച്ച രസീത് അടക്കം ഹാജരാക്കുന്ന മുറയ്ക്കു ഭൂമിയുടെ പ്രിന്റൗട്ട് അടക്കമുള്ള വിവരങ്ങൾ ലഭിക്കും.
നാളെയാണ് സംസ്ഥാനത്തെ 200 വില്ലേജുകളിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നത്. ഇവിടങ്ങളിലെ എല്ലാ ഭൂവുടമകളെയും വിവരം അറിയിക്കാൻ സർവേ സഭകൾ ചേരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, തങ്ങളുടെ മേഖലയിലെ ഡിജിറ്റൽ സർവേ എന്നു നടക്കുമെന്ന് ഒരു വിഭാഗം ജനങ്ങളെ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
“എന്റെ ഭൂമി’ പോർട്ടലിലും ഭൂരേഖകൾ പരിശോധിക്കാനാകുമെന്നാണ് റവന്യു വകുപ്പ് അധികൃതർ പറയുന്നത്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്പോൾ ലഭിക്കുന്ന യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് വില്ലേജ് രേഖകൾ പരിശോധിക്കാനാകും.
ഡിജിറ്റൽ സർവേയിൽ ഭൂമിയുടെ അളവ് സംബന്ധിച്ചു തെറ്റായ വിവരങ്ങളാണു രേഖപ്പെടുത്തിയതെങ്കിൽ മുൻ രേഖകൾ ഉൾപ്പെടെ പരാതി നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും റവന്യു അധികൃതർ പറയുന്നു. തർക്കമുള്ള ഭൂമിയിൽ ഡിജിറ്റൽ സർവേ നടപടികൾ ഉണ്ടാകില്ല. സർവേ പൂർത്തിയാകാത്ത സ്ഥലങ്ങളുടെ കരം ഒടുക്കാനും കഴിയില്ല.