ബഫര്‍ സോണ്‍ വിഷയത്തിൽ അതാതു മേഖലകളുടെ പ്രാദേശിക പ്രത്യേകതകളും ബന്ധപ്പെട്ട എല്ലാവിഭാഗം ആളുകളുടെ അഭിപ്രായങ്ങളും കണക്കിലെടുത്ത് മുന്നോട്ടുപോകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. എറണാകുളം ഗസ്റ്റ്ഹൗസിൽ ചേർന്ന ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് അധ്യക്ഷനായ സമിതിയുടെ ആദ്യയോഗത്തിലായിരുന്നു തീരുമാനം.
സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, ഇതര നിര്‍മാണങ്ങള്‍, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഭൗതിക സ്ഥലപരിശോധന നടത്തി വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
സംരക്ഷിത പ്രദേശങ്ങളുടെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ഇവിടെയുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മാണങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സുപ്രീം കോടതി മുമ്പാകെ സമയബന്ധിതമായി സമര്‍പ്പിക്കേണ്ടതുണ്ട്.
വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കെഎസ്ആര്ഇസിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതുപ്രകാരം കെഎസ്ആര്ഇസി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൗതിക സ്ഥലപരിശോധന നടത്തുകയാണ് വിദഗ്ധ പരിശോധനാ സമിതി ചെയ്യുകയെന്ന് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് യോഗത്തിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു. ഓരോ സംരക്ഷിത പ്രദേശത്തിന്റെയും ചുറ്റുമുള്ള, വിദഗ്ധപരിശോധനാ സമിതിയുടെ മേല്‍നോട്ടത്തിലുള്ള ഫീല്‍ഡ് പരിശോധന, അതാതു മേഖലകളുടെ പ്രാദേശികമായ പ്രത്യേകതകള്‍ കണക്കിലെടുത്താകും നടത്തുക.
പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, തദ്ദേശസ്വയംഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, വനംവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.ജെ. വര്‍ഗീസ്, എപിസിസിഎഫ് പ്രമോദ് ജി. കൃഷ്ണന്, ചിറ്റൂര്‍ ഗവ. കോളജ് ഭൂമി ശാസ്ത്ര അധ്യാപകന് ഡോ. റിച്ചാര്‍ഡ് സ്കറിയ, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. എ.വി. സന്തോഷ് കുമാര്‍, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മറ്റു പ്രധാന തീരുമാനങ്ങൾ
ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ പൊതു അറിവിലേക്ക് എത്തിക്കും.
സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്വിറോണ്മെന്റ് സെന്റർ (കെഎസ്ആര്ഇസി) തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ പരിശോധനാ സമിതിയുടെ മേല്‍നോട്ടത്തിലുള്ള സ്ഥല പരിശോധന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ റവന്യു, വനം-വന്യജീവി വകുപ്പുകളുടെയും മറ്റു വകുപ്പുകളുടെയും ഏകോപനത്തോടുകൂടി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ കണക്കിലെടുത്ത് സമയബന്ധിതമായി മുന്നോട്ടുപോകും.