സംസ്ഥാനത്ത് എഴുത്തും വായനയും അറിയാത്ത പതിനഞ്ചു വയസിനു മുകളിലുള്ളവര്‍ 94,487 പേരുണ്ടെന്നു സര്‍വേയില്‍ കണ്ടെത്തി.
ഇവരെ അക്ഷര ലോകത്തേക്കു കൈപിടിച്ചുയര്‍ത്തുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് അടുത്തമാസം പതിനഞ്ചിനു തുടക്കമാവും. എഴുത്തും വായനയും മാത്രമല്ല, പുതിയ കാലഘട്ടത്തിലെ ഡിജിറ്റല്‍ സാക്ഷരതയും ഇവര്‍ക്കു പകര്‍ന്നു നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്.
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്എസി പ്രമോട്ടര്‍മാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സര്‍വേ നടത്തിയത്.
ഏറ്റവും കുടുതല്‍ നിരക്ഷരര്‍ ഉള്ള ജില്ല കോഴിക്കോടാണ്-10304 പേര്. തിരുവനന്തപുരം 6575, ആലപ്പുഴ 6666, കണ്ണൂര്‍ 9200, കൊല്ലം 8395,പത്തനംതിട്ട 2342, മലപ്പുറം 9661, വയനാട് 1703, പാലക്കാട് 10272, തൃശൂര്‍ 7984, കോട്ടയം 1625, കാസര്‍ഗോഡ് 7791, എറണാകുളം 6232, ഇടുക്കി 5737 വീതം നിരക്ഷകര്‍ ഉണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ നിരക്ഷരില്‍ 85,000 പേരെ ആദ്യവര്‍ഷം കൊണ്ട് സാക്ഷരരാക്കും. ഇതില്‍ 67,050 പേര് സ്ത്രീകളും 17,950 പേര് പുരുഷന്മാരുമായിരിക്കും. 2027 വരെ നീണ്ടുനില്‍ക്കുന്നതാണു പദ്ധതി. ബാക്കിയുള്ളവരെ അഞ്ചുവര്‍ഷത്തിനിടയില്‍ പൂര്‍ണമായും സാക്ഷരരാക്കും. പദ്ധതി നടത്തിപ്പിന് 1.19 കോടി കേന്ദ്ര വിഹിതം ഉള്‍പ്പെടെ 1.99 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്.
എഴുത്തും വായനയ്ക്കും പുറമെ ചെറിയ കണക്കുകളും ഇവരെ പഠിപ്പിക്കും. ഇതിനുപുറമേ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തല്‍, സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കല്‍ എന്നിവയും പഠിപ്പിക്കും.