പശുക്കളുടെ ആരോഗ്യസംരക്ഷണവും ഇന്റർനെറ്റ് ഓഫ് തിങ്സും (ഐഒടി) തമ്മിലെന്തു ബന്ധമെന്ന് തലപുകയ്‌ക്കേണ്ട. ഭാവിയിൽ ക്ഷീരമേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കുക ഇന്റർനെറ്റ് ഓഫ് തിങ്‌സ് അധിഷ്‌ഠിത സ്‌റ്റാർട്ടപ്പുകളാകും. പശുക്കളുടെ ആരോഗ്യസംരക്ഷണം, രോഗലക്ഷണം തിരിച്ചറിയൽ, രോഗം നേരത്തേ കണ്ടെത്തൽ എന്നിവയുൾപ്പെടെ പ്രധാന കാര്യങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന ഉപകരണങ്ങൾ വികസിപ്പിക്കാൻ കേരള സ്‌റ്റാർട്ടപ് മിഷൻ ഇന്നൊവേഷൻ ചലഞ്ച് പ്രഖ്യാപിച്ചു. ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ നടന്ന സംസ്ഥാനത്തെ ആദ്യ ഐഒടി ഉച്ചകോടിയിലാണ് ചലഞ്ച് പ്രഖ്യാപിച്ചത്.
കന്നുകാലികളെ തിരിച്ചറിയാനും ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പു നൽകാനും അതിന്റെ വംശാവലി, പാലുൽപ്പാദനം തുടങ്ങിയവ തിരിച്ചറിഞ്ഞ് ജനിതക മാപ്പിങ് നടത്താനും സാധിക്കുംവിധമുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ആധാർ ഐഡിക്ക് സമാനമായ കന്നുകാലി തിരിച്ചറിയൽ സംവിധാനവും സ്റ്റാർട്ടപ്പുകളിൽനിന്ന് തേടുന്നുണ്ട്.
ഇന്നൊവേഷൻ ചലഞ്ചിന്റെ കൂടുതൽ വിവരം https://iotsummit.startupmission.in/innovation-challenge/ ലഭ്യമാകും. നവംബർ 15 വരെ ആശയങ്ങൾ സ്വീകരിക്കും.
ഉച്ചകോടി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ സീനിയർ വൈസ് പ്രസിഡൻറും സ്റ്റേറ്റ് ഹെഡുമായ കെ സി നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരിയോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ 5 ജി സേവനം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, സി- ഡാക് സീനിയർ ഡയറക്ടർ എസ് രാജശ്രീ എന്നിവർ സംസാരിച്ചു. മൃഗസംരക്ഷണ- പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, ഡെപ്യൂട്ടി ഐടി സെക്രട്ടറി സ്നേഹിൽ സിങ്, ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ്, കെഎസ്ഐടിഐഎൽ എംഡി സന്തോഷ് ബാബു തുടങ്ങിയവർ സെഷനുകളിൽ പങ്കെടുത്തു.