മുൻനിര വിദ്യാഭ്യാസ ആപ്പ് കമ്പനിയായ ബൈജൂസ് കേരളം വിടുന്നില്ലെന്നും, പകരം തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബൈജൂസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്തെ ബൈജൂസ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മൂവായിരത്തിലേറെയുള്ള ഉദ്യോഗസ്ഥരിൽ 140 പേരെ ബെംഗളുരുവിലുള്ള സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേട്ട് വരുന്ന കാര്യങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും, യാഥാർഥ്യം മറിച്ചാണെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. വരുന്ന സാമ്പത്തിക വർഷത്തിൽ, കേരളത്തിൽ 3 സ്ഥാപനങ്ങൾ കൂടി തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ കേരളത്തിൽ ബൈജൂസ് സ്ഥാപനങ്ങളുടെ എണ്ണം 14 ആവുകയും, ഉദ്യോഗസ്ഥരുടെ എണ്ണം 3000 പേരിൽ നിന്നും 3600-ലേക്ക് ഉയരുകയും ചെയ്യും. സ്ഥലംമാറ്റം അറിയിച്ച ആളുകളിൽ നിന്നും കേരളം വിട്ടു പോകുന്നതിൽ ബുദ്ധിമുട്ടറിയിച്ച ആളുകൾക്കും അവരുടെ കുടുംബത്തിനും വേണ്ടി 6 മാസം വരെ നീണ്ടു നിൽക്കുന്ന ഇൻഷുറൻസ് പരിരക്ഷ, മറ്റു കമ്പനികളിൽ ജോലി നേടുന്നതിനായി മികച്ച റിക്രൂട്ട്മെന്റ് കമ്പനികളുടെ സഹായം, വേഗത്തിൽ തന്നെ ഫുൾ ആൻഡ് ഫൈനൽ സെറ്റിൽമെന്റ് നൽകുവാനുള്ള നടപടിക്രമങ്ങൾ അടക്കമുള്ളവ കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കിൽ ബൈജൂസിൽ തന്നെ തിരിച്ചു നിയമനം ലഭിക്കുന്ന രീതിയിലാണ് ചർച്ചകൾ നടന്നിട്ടുള്ളതെന്നും കമ്പനി അറിയിച്ചു. കമ്പനിയിലെ ഹ്യൂമൻ റിസോഴ്സ് ടീം ഓരോരുത്തരുമായി നിരന്തരം ബന്ധപെട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു. തികച്ചും അന്യായമായ രീതിയിലുള്ള പിരിച്ചു വിടലായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും കമ്പനി അഭ്യർത്ഥിച്ചു.