കല്പറ്റ: സ്വകാര്യബസ് കണ്ടക്ടറെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് ജില്ലയിൽ വെള്ളിയാഴ്ച മുതൽ സ്വകാര്യബസ് തൊഴിലാളികൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. വ്യാഴാഴ്ച വൈകീട്ട് മുട്ടിൽ ഡബ്ല്യു.എം.ഒ. കോളേജിൽ വിദ്യാർഥികളും കല്പറ്റ-സുൽത്താൻബത്തേരി റൂട്ടിലോടുന്ന സുവർണജയന്തി ബസിലെ കണ്ടക്ടറും തമ്മിൽ പാസിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് പണിമുടക്കിൽ എത്തിച്ചത്. വിദ്യാർഥികൾക്ക് യാത്രാ ഇളവ് അനുവദിക്കാത്ത വിവരം ബസ് യാത്രക്കാർ പോലീസിനെ അറിയിക്കുകയും അവരെത്തി കണ്ടക്ടർ നിഥിനെ ബലമായി പിടിച്ചു ജീപ്പിൽ കയറ്റിക്കൊണ്ടുപോവുകയുമാണ് ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു.
അകാരണമായി കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. വിദ്യാർഥികളുമായി വാക്‌തർക്കം പോലും ഉണ്ടായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥരുമായി വിഷയം ചർച്ചചെയ്തിട്ടും ഫലമുണ്ടാവാതെ വന്നതുകൊണ്ടാണ് സമരം പ്രഖ്യാപിക്കേണ്ടിവന്നതെന്നും സംയുക്ത തൊഴിലാളി യൂണിയൻ ജില്ലാ കൺവീനർ എം.എസ്. സുരേഷ് ബാബു പറഞ്ഞു.
എന്നാൽ, തങ്ങൾ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പരാതിയുണ്ടെങ്കിൽ പിന്നീട് എഴുതിത്തരാൻ ആവശ്യപ്പെട്ട് ഇരുകൂട്ടരെയും പറഞ്ഞയക്കുകയാണ് ചെയ്തതെന്നും കല്പറ്റ പോലീസ് പറഞ്ഞു. സംഭവത്തിൽ കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കല്പറ്റ ഡിവൈ.എസ്.പി. വ്യക്തമാക്കി