തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം നൂറാം ദിവസത്തിൽ. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാത്തതിനാൽ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇന്ന് കടലിലും കരയിലും പ്രതിഷേധം സംഘടിപ്പിക്കും.
ജൂലൈ 20ന് സെക്രട്ടറിയറ്റിന് മുന്നില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ സമരം തുടങ്ങി. പിന്നാലെ ആഗസ്ത് 16ന് മുല്ലൂരിലെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നില്‍ സമരപന്തല്‍ കെട്ടി. തുറമുഖ നിര്‍മാണം തുടങ്ങിയപ്പോള്‍ മുതല്‍ കാണാത്ത സമരരീതിയാണ് പിന്നീട് കണ്ടത്. പ്രതിഷേധക്കാര്‍ പലതവണ തുറമുഖ കവാടത്തിന് പൂട്ടുപൊളിച്ച് പദ്ധതി പ്രദേശത്ത് കടന്ന് കയറി കൊടിനാട്ടി. അതീവ സുരക്ഷ മേഖലയെന്ന് പ്രഖ്യാപിച്ച സ്ഥലത്ത് പോലും പ്രതിഷേധക്കാര്‍ ഇരച്ചുകയറി. കടലും കരയും പ്രതിഷേധത്തിന് വേദിയാക്കി. ആ സമരം ഇന്ന് നൂറാം നാളിലെത്തി.
ഉന്നയിക്കപ്പെട്ട ഏഴ് ആവശ്യങ്ങളില്‍ ഒന്നിലും പരിഹാരമായില്ലെന്നാണ് സമരസമിതി പറയുന്നത്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുന്നു. നാല് തവണയാണ് മന്ത്രിസഭ ഉപസമിതിയുമായും ഒരുവട്ടം മുഖ്യമന്ത്രിയുമായും ലത്തീന്‍ അതിരൂപത പ്രതിനിധികളും സമരസമിതി നേതാക്കളും ചര്‍ച്ച നടത്തി. സര്‍ക്കാരിന് നിഷേധാത്മക നിലപാടാണെന്നാണ് സമരസമിതിയുടെ പക്ഷം. സമരത്തിനെതിരെ അദാനി ഹൈക്കോടതിയെ സമീപിച്ചപ്പോഴും മത്സ്യത്തൊഴിലാളികള്‍ പിന്നോട്ടു പോകാന് കൂട്ടാക്കിയില്ല. സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള കോടതി ഉത്തരവ് പാലിക്കാനും പ്രതിഷേധക്കാര്‍ തയ്യാറായിട്ടില്ല. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം അതിശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെയും ലത്തീന്‍ അതിരൂപതയുടെയും തീരുമാനം.