1956 നവംബർ ഒന്നിന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്റെ ഓർമയ്ക്കായാണ് എല്ലാവർഷവും നവംബർ ഒന്നിന് കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായെങ്കിലും കേരളം വിഘടിച്ച് നിൽക്കുകയായിരുന്നു. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടതോടെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് 1956 നവംബർ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്.നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി. 1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി ഉയർന്നു.