ചീരാല്‍ പ്രദേശത്ത് ഒരു മാസമായി ഭീതിപടര്‍ത്തുന്ന കടുവയെ പിടികൂടാന്‍ മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചു. വടക്കനാട് കൊമ്പന്, കലൂര്‍ കൊമ്പന് എന്നീ ആനകളാണ് എത്തിയത്.
കടുവയെ കണ്ടെത്താന്‍ ഉള്‍വനത്തിലടക്കം വനപാലകര്‍ അടങ്ങുന്ന സംഘം തിരച്ചില്‍ തുടരുകയാണ്. നൂറിലേറെ വനപാലകരടങ്ങുന്ന സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
കടുവയെ പിടികൂടാന്‍ നാലു കൂടുകളാണ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്. വിവിധയിടങ്ങളിലായി 28 നിരീക്ഷണക്യാമറകളാണ് സ്ഥാപിച്ചിട്ടുണ്ട്. 30 നിരീക്ഷണക്യാമറകള്‍ കൂടി പറമ്പികുളത്തുനിന്ന് എത്തിക്കും.
അതേസമയം കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള ജനകീയസമിതിയുടെ രാപ്പകല്‍ സമരം പ്രദേശത്ത് തുടരുകയാണ്. തിങ്കളാഴ്ച രാത്രി മൂന്നു പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായത്.
ഒരു പശുവിനെ കൊന്നശേഷം, പാതിഭക്ഷിച്ചനിലയിലാണുള്ളത്. മറ്റു രണ്ടു പശുക്കള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.
ജനജീവിതത്തിനു ഭീഷണിയായ കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് ജനകീയസമരസമിതിയടക്കമുള്ളവരുടെ ആവശ്യം.