മഴമേഘങ്ങൾ മാറിനിന്ന അന്തരീക്ഷത്തിൽ കൗതുകക്കാഴ്‌ചയായി സൂര്യഗ്രഹണം. ചൊവ്വ വൈകിട്ട് 5.11 മുതൽ 6.10 വരെയാണ് കേരളത്തിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായത്. ഗ്രഹണത്തോടെയുള്ള സൂര്യാസ്‌തമനം അപൂർവ കാഴ്ചയായി.
കേരളത്തിൽ കാസർകോട്ടാണ് മികച്ച രീതിയിൽ ഗ്രഹണം കാണാനായത്. 19.7 ശതമാനം നിഴൽ വീണ സൂര്യനെയാണ് ഇവിടെ കണ്ടത്. കണ്ണൂരിൽ 17.9 ഉം കോഴിക്കോട്ട് 16 ഉം തിരുവനന്തപുരത്ത് എട്ടും ശതമാനം. റഷ്യ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിൽ 88 ശതമാനത്തിലേറെ ഗ്രഹണം അനുഭവപ്പെട്ടു. ഇന്ത്യയിൽ ജമ്മു കശ്‌മീർ, ഹിമാചൽപ്രദേശ്, യുപി എന്നിവിടങ്ങളിൽ 55 ശതമാനവും. ഈ വർഷത്തെ ആദ്യത്തെയും അവസാനത്തെയുമായ സൂര്യഗ്രഹണമാണിത്. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരുമ്പോഴാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഭൂമിയിൽനിന്ന് നോക്കുമ്പോൾ ചന്ദ്രന്റെ നിഴൽമൂലം സൂര്യൻ മറയപ്പെടുന്നതായി അനുഭവപ്പെടുന്ന അവസ്ഥയാണിത്.