22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കേരളത്തെ ആധുനിക വൈജ്ഞാനിക സമൂഹമാക്കും ; പരമ്പരാഗത കോഴ്‌സുകൾക്കുപകരം പുതുതലമുറ കോഴ്‌സുകൾ
Kerala

കേരളത്തെ ആധുനിക വൈജ്ഞാനിക സമൂഹമാക്കും ; പരമ്പരാഗത കോഴ്‌സുകൾക്കുപകരം പുതുതലമുറ കോഴ്‌സുകൾ

റുന്ന കാലത്തിനനുസരിച്ച്‌ കേരളത്തെ ആധുനിക വൈജ്ഞാനിക സമൂഹമാക്കി വാർത്തെടുക്കാനുള്ള സമഗ്ര നിർദേശങ്ങളുമായി ദ്വിദിന ഉന്നത വിദ്യാഭ്യാസ സമ്മേളനത്തിന്‌(കൊളോക്വിയം)തുടക്കം. ഉന്നതപഠനമേഖലയിൽ നൂതന കോഴ്സുകളും നാലുവർഷ ബിരുദവും കോൺസ്റ്റിറ്റ്യുവന്റ്‌ കോളേജുകളും തുടങ്ങാൻ ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനം തീരുമാനിച്ചു. സർക്കാർ നിയോഗിച്ച മൂന്ന്‌ വിദഗ്ധ കമീഷനുകളുടെ ശുപാർശകളാണ്‌ രണ്ടുദിവസത്തെ സമ്മേളനം ചർച്ച ചെയ്യുന്നത്‌. നാലുവർഷ ബിരുദ കോഴ്‌സുകൾ അടുത്ത അധ്യയനവർഷത്തിൽ ആരംഭിക്കുമെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നാലുവർഷത്തിൽ മൂന്നാംവർഷം കോഴ്‌സ്‌ നിർത്താനുള്ള അവസരമുണ്ടാകും. ബിരുദാനന്തര ബിരുദവും ഗവേഷണവും ആഗ്രഹിക്കുന്നവർ നാലാം വർഷംതന്നെ പിജി കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ തീരുമാനമെടുക്കണം. അതിന്‌ അനുസൃതമായ രീതിയിൽ പിജി സിലബസ്‌, കരിക്കുലം പരിഷ്‌കരണവും ശുപാർശയിലുണ്ട്‌.

മികച്ച സർക്കാർ കോളേജുകളെ സർവകലാശാല കേന്ദ്രങ്ങൾക്ക്‌ തത്തുല്യമാക്കി വികസിപ്പിക്കുന്ന കോൺസ്റ്റിറ്റ്യുവന്റ്‌ കോളേജ്‌ പ്രവൃത്തിപഥത്തിൽ എത്തിക്കാനും നടപടി തുടങ്ങി. ഇവ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളാക്കും. കമീഷന്റെ പ്രധാന ശുപാർശകളിൽ ഒന്നാണ് ഇത്‌.

പരമ്പരാഗത കോഴ്‌സുകൾക്കു പകരം നിർമിത ബുദ്ധി, ബ്ലോക്‌ചെയിൻ പോലെയുള്ള പുതുതലമുറ കോഴ്‌സുകളും ആരംഭിക്കും. ആദ്യം ഏഴു സർവകലാശാലയിൽ മൂന്നുവീതം നൂതന കോഴ്‌സുകൾ ആരംഭിക്കും. ഗവേഷണം ലഭ്യമാക്കിയുള്ള ബിരുദാനന്തര കോഴ്‌സുകൾ സർവകലാശാല പഠനവകുപ്പുകളിൽ ആരംഭിക്കണം. മൂല്യനിർണയത്തിന്‌ ഹാജർ മാനദണ്ഡമാക്കേണ്ടതില്ല. എല്ലാ കോളേജുകളിലും ഏകീകൃത ഗ്രേഡിങ്‌ സംവിധാനം, യുജി, പിജി പ്രവേശനം ജൂൺ/ ജൂലൈയോടെ പൂർത്തിയാക്കണം, ടിസി നിർബന്ധമാക്കേണ്ടതില്ല, 5000 കോടിയുടെ കേരള ഹയർ എഡ്യൂക്കേഷൻ ഫണ്ട്‌ രൂപീകരിക്കുക തുടങ്ങി സമഗ്രമായ മാറ്റങ്ങളും ലക്ഷ്യമിടുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമ്പൂർണ പരിഷ്‌കരണത്തിലൂടെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെയാകെ മാറ്റുമെന്ന എൽഡിഎഫ്‌ വാഗ്ദാനംകൂടിയാണ്‌ ഇതിലൂടെ നടപ്പാകുന്നത്‌.

4 വർഷ ബിരുദം അടുത്ത അധ്യയന വർഷംമുതൽ
സംസ്ഥാനത്ത്‌ നാലുവർഷ ബിരുദ കോഴ്‌സുകൾ അടുത്ത അധ്യയന വർഷത്തിൽ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അക്കാദമിക്‌ ചർച്ച ആരംഭിച്ചിട്ടുണ്ട്‌. മുന്നൊരുക്കം പൂർത്തിയാക്കി 2023ൽ അത്‌ നടപ്പാക്കാനാകണമെന്നും ഉദ്‌ഗ്രഥിത (ഇന്റഗ്രേറ്റഡ്‌) ബിരുദ, ബിരുദാനന്തര, പിഎച്ച്‌ഡി കോഴ്‌സുകളെപ്പറ്റിയും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിന് നിയോഗിച്ച മൂന്ന് വിദഗ്ധ കമീഷൻ റിപ്പോർട്ടുകളിൽ അഭിപ്രായങ്ങൾ തേടാൻ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കൊളോക്വിയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സർവകലാശാലകളുടെ പ്രവർത്തനരീതിയിൽ മാറ്റമുണ്ടാകണം. 24 മണിക്കൂർ പ്രവർത്തിക്കുന്ന ലൈബ്രറിയും ലബോറട്ടറികളും ഉണ്ടാകണം. ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന ദൂരസ്ഥലങ്ങളിൽനിന്നുള്ളവർക്ക്‌ താമസസൗകര്യം ഉറപ്പാക്കും. ഇതിന്‌ കേരള, എംജി, കുസാറ്റ്‌, കലിക്കറ്റ്‌, കണ്ണൂർ സർവകലാശാലകളിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഹോസ്റ്റൽ നിർമിക്കാനുള്ള നടപടിയായിട്ടുണ്ട്‌. 1500 പുതിയ മുറി നിർമിക്കും. ബജറ്റിൽ 100 കോടി രൂപ ഇതിന്‌ നീക്കിവച്ചു. ഓരോ സർവകലാശാലയിലും 50 വീതം അന്താരാഷ്‌ട്ര സൗകര്യമുള്ള മുറിയുമുണ്ടാകും. നമ്മുടെ നാട്ടിലേക്കെത്തുന്ന വിദേശ വിദ്യാർഥികൾക്കും ഇതുപയോഗിക്കാം. 2024നകം പ്രവർത്തനം ആരംഭിക്കുകയാണ്‌ ലക്ഷ്യം.

അഫിലിയേഷൻ അവസാനിപ്പിച്ച്‌ ഘട്ടംഘട്ടമായി സംസ്ഥാനത്തെ കോളേജുകളെ കോൺസ്റ്റിറ്റ്യുവന്റ്‌ കോളേജുകളാക്കി മാറ്റും. ആദ്യഘട്ടമായി സംസ്ഥാനത്തെ ഉന്നത നിലവാരമുള്ള 10 സർക്കാർ കോളേജിനെയും പിന്നീട്‌ മുഴുവൻ കോളേജുകളെയും ആ രീതിയിൽ മാറ്റും. ഓരോ കോൺസ്റ്റിറ്റ്യുവന്റ്‌ കോളേജും അക്കാദമിക്‌ രംഗത്ത്‌ മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയാകണം. ഗുണമേന്മയുള്ള പഠനം ഇവിടെനിന്ന്‌ ലഭിക്കും. പ്രഗത്ഭരായ അധ്യാപകരുടെ സേവനവും ഗവേഷണത്തിനുള്ള അവസരവും ഉറപ്പാക്കും.

സർവകലാശാല പരീക്ഷ മാറ്റിവയ്ക്കുന്നത്‌ ഒഴിവാക്കണം. പ്രകൃതിക്ഷോഭങ്ങളുടെ സാഹചര്യത്തിൽമാത്രം ഇത്‌ തുടരാമെന്നുൾപ്പെടെ മികച്ച നിർദേശങ്ങളാണ്‌ കമീഷൻ ശുപാർശ ചെയ്യുന്നത്‌. ജനകീയ ചർച്ചയിലൂടെ കേരള ഹയർ എഡ്യൂക്കേഷൻ ഫ്രെയിംവർക്ക്‌ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺസ്റ്റിറ്റ്യുവന്റ്‌ കോളേജ്‌
സർവകലാശാലകളോട്‌ കിടപിടിക്കുന്ന തരത്തിൽ പഠന, ഗവേഷണ മേഖലകളിൽ പ്രവർത്തനം കാഴ്‌ചവയ്ക്കുന്നവയാണ്‌ കോൺസ്റ്റിറ്റ്യുവന്റ്‌ കോളേജ്‌. ഉന്നതനിലവാരത്തിലുള്ള 10 സർക്കാർ കോളേജിനെയാണ്‌ ആദ്യഘട്ടത്തിൽ കോൺസ്റ്റിറ്റ്യുവന്റ്‌ കോളേജുകളാക്കി മാറ്റുക. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌, എറണാകുളം മഹാരാജാസ്‌, പാലക്കാട്‌ വിക്‌ടോറിയ , തലശേരി ബ്രണ്ണൻ തുടങ്ങിയവ ആദ്യ പരിഗണനയിലുണ്ട്‌. സർവകലാശാല കേന്ദ്രങ്ങളുമായുള്ള നിരന്തര ബന്ധത്തിലൂടെ ഈ കോളേജുകൾ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രധാന കേന്ദ്രങ്ങളാകും. പ്രഗത്ഭരായ അധ്യാപകരെ നിയമിക്കും. അടിസ്ഥാന സൗകര്യവികസനത്തിന്‌ കൃത്യമായ ഇടവേളകളിൽ അധിക ധനസഹായം ലഭിക്കും. ചുറ്റുവട്ടത്തുള്ള കോളേജുകളെയും കോൺസ്റ്റിറ്റ്യുവന്റ്‌ കോളേജുകളുമായി ബന്ധിപ്പിക്കും.

തിരിഞ്ഞോടില്ല; പറഞ്ഞത്‌ നടപ്പാക്കും
ഉന്നത വിദ്യാഭ്യാസ ശാക്തീകരണമെന്ന സർക്കാരിന്റെ വലിയ ലക്ഷ്യം തടയാനുള്ള ശ്രമം കണ്ട്‌ ഭയന്നോടുകയോ തിരിഞ്ഞ്‌ നടക്കുകയോ ചെയ്യില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരുമാനിച്ച കാര്യങ്ങൾ സമയോചിതമായി നടപ്പാക്കുന്നതാണ്‌ സർക്കാർ രീതിയെന്നും ദ്വിദിന ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കൊളോക്വിയം ഉദ്‌ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ ബദലിനെ അസഹിഷ്‌ണുതയോടെ കാണുന്നവർ പലവിധ പിപ്പിടിവിദ്യകളുമായി കടന്നുവരുന്നുണ്ട്‌. അത്തരം വിദ്യകൾ കൈയിൽത്തന്നെ വച്ചാൽ മതി. ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ ഗുണമേന്മയും വലിയ പുരോഗതിയും സൃഷ്‌ടിക്കാനുള്ള സർക്കാരിന്റെ ഇടപെടലുകൾക്ക്‌ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Related posts

‘എന്റെ തൊഴില്‍ എന്റെ അഭിമാനം’; കുടുംബശ്രീ സര്‍വേക്ക് വന്‍ സ്വീകാര്യത ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 5.91 ലക്ഷം പേര്‍

ബൈക്കിൽ കഞ്ചാവു കടത്തിയ യുവാവ് പിടിയിൽ*

Aswathi Kottiyoor

കാലാവസ്ഥാ വ്യതിയാനം : 2050 ഓടെ നീലക്കിളി പാറ്റപിടിയന്‍ പക്ഷി പകുതിയോളവും നശിക്കും.

Aswathi Kottiyoor
WordPress Image Lightbox