കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വൈദ്യുത വാഹനങ്ങളുടെ സേവനത്തിലേക്ക് മാറുന്നു. വിമാനത്താവളത്തിനുള്ളിലെ സേവനത്തിനായി നാലു വൈദ്യുതി കാറുകളാണ് എത്തിച്ചിരിക്കുന്നത്. 2025 മാർച്ചോടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ (എസിഎ) 4+ ലെവൽ നേടാനും ദീർഘകാലാടിസ്ഥാനത്തിൽ നെറ്റ് സീറോ പദവി നേടാനുമുള്ള നയത്തിന്റെ ഭാഗമാണ് ഇ – കാറുകൾ. എൻജിനീയറിങ് ആൻഡ് മെയിന്റനൻസ്, ലാൻഡ്സൈഡ് ഓപറേഷൻസ് വിഭാഗങ്ങളാണ് വാഹനങ്ങൾ ഉപയോഗിക്കുക. വിമാനത്താവളത്തിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.
ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് വിപണിയിൽ എത്തിച്ചിട്ടുള്ള നെക്സോൺ ഇ.വിയാണ് വിമാനത്താവളത്തിലെ ഓട്ടത്തിനായി എത്തിയിട്ടുള്ളത്. ടാറ്റ നെക്സോൺ ഇ.വി, നെക്സോൺ ഇ.വി. മാക്സ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇലക്ട്രിക് വാഹനം വിപണിയിൽ എത്തിച്ചിട്ടുള്ളത്. നെക്സോൺ ഇ.വിക്ക് 14.99 ലക്ഷം രൂപ മുതൽ 17.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. ഇ.വി. മാക്സിന് 17.74 ലക്ഷം രൂപ മുതൽ 19.24 ലക്ഷം രൂപ വരെയും വിലയാകും.
ഒറ്റത്തവണ ചാർജ് ചെയ്താൽ 312 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷിയാണ് നെക്‌സോൺ ഇ.വിയിൽ നൽകിയിരുന്നതെങ്കിൽ നെക്‌സോൺ ഇ.വി. മാക്‌സിൽ അത് 437 കിലോമീറ്ററാണെന്നാണ് നിർമ്മാതാക്കൾ ഉറപ്പുനൽകുന്നത്. 40.5 kWh ബാറ്ററി പാക്കാണ് പുതിയ നെക്‌സോൺ ഇ.വി. മാക്‌സിൽ നൽകിയിട്ടുള്ളത്. 3.3 kW ചാർജർ, 7.2 kW AC ഫാസ്റ്റ് ചാർജർ എന്നീ രണ്ട് ചാർജിങ്ങ് ഓപ്ഷനുകളും ഇതിൽ നൽകിയിട്ടുണ്ട്.
40.5 kWh ലിഥിയം അയേൺ ബാറ്ററി പാക്കിനൊപ്പം പെർമനന്റ് മാനേജ്‌മെന്റ് സിംക്രണസ് എ.സി. മോട്ടോറാണ് ഇ.വി. മാക്സിലുള്ളത്. ഇത് 141 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9.0 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമെടുക്കാനും ഇതിന് സാധിക്കും. റെഗുലർ ചാർജർ ഉപയോഗിച്ച് 6.5 മണിക്കൂറിൽ ബാറ്ററി നിറയും. അതേസമയം, ഫാസ്റ്റ് ചാർജറിന്റെ സഹായത്തിൽ 56 മിനിറ്റിൽ 80 ശതമാനം ചാർജ് ചെയ്യാം.
ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയാണ് രണ്ട് വാഹനങ്ങളിലുമുള്ളത്. ഐപി 67 സർട്ടിഫൈഡ് ലിഥിയം അയേൺ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് റെഗുലർ നെക്സോൺ ഇ.വിയിലുള്ളത്. ഒറ്റത്തവണ ചാർജിലൂടെ നെക്സോൺ ഇ.വി 312 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനൽകുന്നത്.