24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നിര്‍ദിഷ്ട അന്താരാഷ്ട്ര യോഗാ സ്റ്റഡി റിസര്‍ച്ച് സെന്റര്‍ സ്ഥലം എം എൽ എയുടെ നേതൃത്വത്തിൽ ഉദ്യേഗസ്ഥ സംഘം സന്ദര്‍ശിച്ചു.
Iritty

നിര്‍ദിഷ്ട അന്താരാഷ്ട്ര യോഗാ സ്റ്റഡി റിസര്‍ച്ച് സെന്റര്‍ സ്ഥലം എം എൽ എയുടെ നേതൃത്വത്തിൽ ഉദ്യേഗസ്ഥ സംഘം സന്ദര്‍ശിച്ചു.

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തില്‍ മച്ചൂര്‍മല പ്രദേശത്ത് അന്താരാഷ്ട്ര യോഗാ സ്റ്റഡി റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി എംഎല്‍എ കെ. കെ. ശൈലജയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. നമ്മുടെ യോഗയും, അയോധന കലകളും, കൃഷി രീതികളും വിദേശികളെ ഉള്‍പ്പെടെ പഠിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് എംഎല്‍എ കെ. കെ. ശൈലജ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചു. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി 2.56 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പ്രകൃതിരമണീയവും ജൈവസമ്പന്നവുമായ പ്രദേശമാണ് പദ്ധതി ആരംഭിക്കാനുദ്ദേശിക്കുന്ന തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂര്‍മല പ്രദേശം. ചേതന യോഗ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് കൊണ്ട് യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തന്നെ തീരുമാനിച്ചിരുന്നു. എംഎല്‍എ കെ. കെ. ശൈലജയുടെ ഇടപെടലിനെ തുടര്‍ന്ന് തില്ലങ്കേരി പ്രദേശത്ത് പദ്ധതിക്കായി സ്ഥലം കണ്ടെത്തി നല്‍കുകയായിരുന്നു. അനേകം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നതിലുപരി പൗരാണിക രീതിയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തണമെന്ന് അവലോകന യോഗത്തില്‍ എംഎല്‍എ നിര്‍ദേശിച്ചു. കേരളത്തിന്റെ തനതായ ആയോധന കലകളും ആയുഷ് വെല്‌നെസ്സ് സെന്ററും ജൈവ കൃഷി, പരമ്പരാഗത കലാ പരിശീലനം എന്നിവയും യോഗാ റിസര്‍ച്ചും ഉള്‍പ്പെടെ സാധ്യമാവുന്നൊരു കേന്ദ്രമായി റിസര്‍ച്ച് സെന്ററിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് എംഎല്‍എ പറഞ്ഞു. സമുദ്ര നിരപ്പില്‍ നിന്നും 390 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുതകുന്നതാണ്. ജീവിതശൈലീ രോഗ നിയന്ത്രണത്തിനൊപ്പം ടൂറിസം മേഖലയെകൂടെ ലക്ഷ്യവച്ചുകൊണ്ടാണ് കേന്ദ്രം ഒരുങ്ങുന്നത്. വിമാനത്താവളത്തോടടുത്ത് കിടക്കുന്ന പ്രദേശമെന്ന നിലയില്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ വിദേശികളും സ്വദേശികളുമായ നിരവധിപേര്‍ പ്രദേശത്തേക്ക് എത്തിച്ചേരും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, പ്രദേശവാസികളും സംഘത്തിലുണ്ടായിരുന്നു.

Related posts

ആനപ്പന്തിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു

Aswathi Kottiyoor

ഉൽപ്പാദന, സേവന, പാശ്ചാത്തല മേഖലക്ക് ഊന്നൽ നൽകി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor

ആറളം കൃഷി ഭവന്റെ നേതൃത്വത്തിൽ കൃഷി ഭവൻ പരിധിയിൽ കേര രക്ഷാ വാരം ആരംഭിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox