ശാരീരികവും മാനസികവും ലൈംഗികവും തുടങ്ങി കുട്ടികള്‍ ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഇതിനെ ചെറുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സമൂഹത്തിലാകെ പാലിക്കുന്നുണ്ടെന്നും നിയമം ലംഘിക്കുന്ന കുട്ടികളെ ഉത്തമ പൗരന്‍മാരാക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. വരും തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാന പങ്കാണ് ഇവര്‍ വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈല്‍ ആപ്പ് ‘കുഞ്ഞാപ്പ്’-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും കോവളം വെള്ളാര്‍ കേരള ആര്‍ട്സ് ആന്റ് ക്രഫ്റ്റ് വില്ലേജില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുകയാണ് ജെ.ജെ., സി.ഡബ്ല്യു.സി. അംഗങ്ങളുടെ പ്രധാന ചുമതല. വിഷമകരമായ സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷയിലും പുനരധിവാസത്തിലും തീരുമാനം കൈക്കൊള്ളേണ്ടവരാണ്. കുട്ടികളുടെ ഭാവിയ്ക്കായി പ്രവര്‍ത്തിയ്ക്കണം. അതിനുള്ള പരിശീലനമാണ് നടത്തുന്നത്.
സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങളുടെ ബാഗിന്റെ ഭാരത്തില്‍ ചില ക്രമീകരണം സര്‍ക്കാര്‍ സ്‌കൂളുകളില്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് സ്‌കൂളുകളില്‍ ബാഗിന്റെ ഭാരം കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. ഇത് ആരോഗ്യ പ്രശ്നത്തിനും കാരണമാകുന്നു. അക്കാര്യങ്ങളും ശ്രദ്ധിക്കണം.
കടമ നിര്‍വഹിക്കുന്നതില്‍ ഒന്നും തടസമാകരുത്. കുട്ടികളെ ഉപദ്രപിക്കുന്നവരുടെ രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലം, പണത്തിന്റെ സ്വാധീനം എന്നിവയൊന്നും സ്വാധീനിക്കരുത്. കുട്ടികളുടെ ഉറ്റവരോ ഉടയവരോ ആണെങ്കിലും നടപടിയുണ്ടാകണം. നിഷിപ്ത താത്പര്യക്കാരേയും തിരിച്ചറിയണം. നിയമം തെറ്റിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ കരുതലുണ്ടാകും. അവരെ ശരിയുടെ പാതയില്‍ നയിക്കാന്‍ കാതലായ മാറ്റം വേണ്ടി വന്നേക്കാം. അതും കൂടി കണ്ടുവേണം ജെ.ജെ, സി.ഡബ്ല്യു.സി. അംഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍.
അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഒപ്പം തന്നെ പ്രധാനമാണ് സുരക്ഷയൊരുക്കലും. അതിനാണ് കാവലും കാവല്‍ പ്ലസും ആവിഷ്‌ക്കരിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് വാത്സല്യ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കുഞ്ഞാപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ ജില്ലാതലത്തില്‍ ഒരു റാപിഡ് റെസ്പോന്‍സ് ടീം രൂപികരിച്ചു അടിയന്തിരമായി ഇടപെടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിശുസംരക്ഷണത്തിനും ക്ഷേമത്തിനും വികസനത്തിനും സര്‍ക്കാര്‍ വളരെയേറെ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓരോ കുഞ്ഞും വിലപ്പെട്ടതാണ്. ആര്‍ദ്രതയോടെ കരുതലും സ്നേഹവും അര്‍ഹിക്കുന്നു. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വനിത ശിശു വികസന വകുപ്പ് നടത്തിവരുന്നത്. കുട്ടികളുടെ ഉത്തമ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്. പല കേസുകളിലും കുഞ്ഞുങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടതാണ്.
കുഞ്ഞാപ്പ്, കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ഉപയോഗിക്കാവുന്നതാണ്. കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണവും സേവനങ്ങളും ഈ ആപ്പിലുണ്ട്. ഏതെങ്കിലും കുഞ്ഞ് അക്രമത്തിനിരയായാല്‍ റിപ്പാര്‍ട്ട് ചെയ്യാനും സാധിക്കും. കുഞ്ഞുങ്ങളുടെ മികച്ച പരിചരണത്തിന് ഓരോ പഞ്ചായത്തിലും പാരന്റിംഗ് ക്ലിനിക് ഉണ്ട്. ഇതുള്‍പ്പെടെ ഈ അപ്പിലുണ്ട്. ഓരോ വിഷയവും വളരെ പ്രധാനപ്പെട്ടതാണ്. നിസാരമായി കാണാതെ ഇടപെടലുകളുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതി ജഡ്ജ് ഷാജി പി ചാലി മുഖ്യ പ്രഭാഷണം നടത്തി. എം വിന്‍സന്റ് എം.എല്‍.എ., സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍, യൂണിസെഫ് കേരള, തമിഴ്നാട് സോഷ്യല്‍ പോളിസി ചീഫ് കെ.എല്‍. റാവു, സോഷ്യല്‍ പോളിസി സ്പെഷ്യലിസ്റ്റ് കുമരേശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റേറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ (ഹൈക്കോടതി മുന്‍ ജഡ്ജ്) ജസ്റ്റിസ് വി.കെ. മോഹനന്‍ സ്വാഗതവും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക നന്ദിയും പറഞ്ഞു.