22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • എൽദോസ് കുന്നപ്പിള്ളിക്കു മുൻകൂർ ജാമ്യം; 11 ഉപാധികൾ.*
Kerala

എൽദോസ് കുന്നപ്പിള്ളിക്കു മുൻകൂർ ജാമ്യം; 11 ഉപാധികൾ.*


തിരുവനന്തപുരം ∙ പീഡന കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കു കർശന ഉപാധികളോടെ മുൻകൂർ ജാമ്യം. നാളെ രാവിലെ ഒൻപതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ നേരിട്ടു ഹാജരാകണമെന്നതുൾപ്പടെ 11 ഉപാധികളോടെയാണു സെഷൻസ് കോടതി ജാമ്യം നൽകിയത്. വിധിക്കെതിരെ അപ്പീൽ നൽകാനാണു പ്രോസിക്യൂഷൻ തീരുമാനം.

മറ്റ് ഉപാധികൾ ഇവയാണ്: അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ നവംബർ ഒന്നു വരെ രാവിലെ 9 മുതൽ രാത്രി 7 വരെ ചോദ്യം ചെയ്യലിനു ഹാജരാകണം. മൊബൈൽ ഫോണും പാസ്പോർട്ടും കോടതിയിൽ സമർപ്പിക്കണം. പരാതിക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റ് ഇടരുത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത് . പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത്. സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. അന്വേഷണവുമായി പൂർണമായി സഹകരിക്കണം. ജാമ്യത്തിൽ നിൽക്കെ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. 5 ലക്ഷം രൂപ അല്ലെങ്കിൽ തത്തുല്യമായ ആൾ ജാമ്യം .

രാവിലെ പരാതിക്കാരിയുടെ ഭാഗം കൂടി കേട്ടശേഷമാണ് ഉച്ചകഴിഞ്ഞു വിധി പറഞ്ഞത്. എൽദോസിനു ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു. കൊലപാതക ശ്രമത്തിനും കൂടിയാണ് കേസ് . വേറെയും പ്രതികളുണ്ടെന്നു പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനും തുടരന്വേഷണം നടത്തുന്നതിനും എൽദോസിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യമാണ്. ജാമ്യം കൊടുത്താൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.കഴിഞ്ഞ മാസം 28 നു പരാതി നൽകുമ്പോൾ പരാതിക്കാരി പീഡനം ഉന്നയിച്ചിട്ടില്ലെന്നും പിന്നീടു ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമായാണ് ആരോപണം ഉന്നയിക്കുന്നതെന്നുമായിരുന്നു എൽദോസിന്റെ വാദം. പല കേസുകളിലെയും പ്രതിയാണു പരാതിക്കാരി. ഒരു സിഐക്കും എസ്ഐക്കും എതിരെ പോലും പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരിക്കെതിരെ രണ്ടു വാറന്റുകൾ നിലവിലുണ്ട്.

കന്റോൺമെന്റ് സ്റ്റേഷനിലെ ഒരു അന്വേഷണവുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണു പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ടും നിലവിലുണ്ട്. മുൻ ഭർത്താക്കൻമാർക്കെതിരെയും പീഡനക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. ആദ്യം തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ പരാതിക്കാരി പിന്നീടു പിഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചു. അതിനുശേഷം വധശ്രമം നടത്തിയെന്നായി. ഇതുപോലുള്ള വ്യക്തികളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. എൽദോസിന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

യുവതിക്കെതിരെ നടന്നതു പീഡനമാണെന്നു കണ്ടെത്തേണ്ടതു വിചാരണ സമയത്താണെന്നു കോടതി നിരീക്ഷിച്ചു. പരാതിക്കാരി ആദ്യഘട്ടത്തിൽ പീഡനം നടന്നതായി മൊഴി നൽകിയില്ല. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പരാതിക്കാരി ഒരിക്കലും ഏതെങ്കിലും തരത്തിലുള്ള തടവിലായിരുന്നില്ല. ആശുപത്രിയിലെത്തിയിട്ടു ഡോക്ടറോടും ഇക്കാര്യം പറഞ്ഞില്ല. എൽദോസിനെതിരെ നിലവിൽ ക്രിമിനിൽ കുറ്റങ്ങളില്ലെന്നതും പരാതിക്കാരിയും പ്രതിയും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്നതും ജാമ്യം നൽകുന്നതിനു കോടതി കണക്കിലെടുത്തു. എന്നാൽ എൽദോസ് ഒളിവിലല്ലെന്നും നാളെ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകുമെന്നും എൽദോസിന്റെ അഭിഭാഷകൻ കുറ്റിയാണി സുധീർ പറഞ്ഞു.

Related posts

ശിവഗിരി തീർഥാടനം സമത്വ ലോകത്തിന്റെ സന്ദേശം: കേന്ദ്ര പ്രതിരോധ മന്ത്രി

Aswathi Kottiyoor

ഇ- ശ്രാം രജിസ്‌ട്രേഷന്‍: പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പ്

Aswathi Kottiyoor

ഭാ​ര​ത് സീ​രീ​സ് ഏ​കീ​കൃ​ത വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നോ​ട് ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണ​മെ​ന്നു വി​ല​യി​രു​ത്ത​ൽ

Aswathi Kottiyoor
WordPress Image Lightbox