നീലക്കുറിഞ്ഞി വസന്തം കാണാൻ എത്തുന്ന സഞ്ചാരികൾക്ക് നിയന്ത്രണം. പ്രവേശനം രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെ മാത്രം. 22, 23, 24 തീയതികളിൽ, മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജംഗ്ഷനിൽ നിർത്തി, കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം.
കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസുകളും, ട്രാവലറുകളും ഉടുമ്പൻചോല ജംഗ്ഷനിൽ നിർത്തി കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ ഉടുംമ്പൻചോല ജംഗ്ഷനിലേക്കും പോകണം. രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക.
സന്ദർശിക്കുന്നവർ മെയിൻ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യണം. നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്. പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സാഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കണം.
മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികൾ അല്ലാത്ത യാത്രക്കാർ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഉടുമ്പൻചോല, വട്ടപ്പാറ, സേനാപതി വഴി പോകണം.
ഇടുക്കി ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകളിലാണ് നീലവസന്തമൊരുക്കി നീലക്കുറിഞ്ഞി പൂവിട്ട് നിൽക്കുന്നത്. 12 വർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞികൾ പൂവിടുന്നത്. ഒരു തവണ പൂത്താൽ ചെടികൾ നശിച്ച് മണ്ണോട് ചേരും. മണ്ണിൽ വീഴുന്ന വിത്തുകളിലൂടെയാണ് അവിടെ പുതിയ കുറിഞ്ഞിച്ചെടികൾ നാമ്പെടുക്കുന്നത്. ചെടികൾ വളർന്ന് പടർന്നാലും വസന്തത്തിനായി വർഷങ്ങൾ കാത്തിരിക്കണം.