ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാന പ്രതിരോധത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കാൻ 9.60 കോടി രൂപ അനുവദിച്ച് സർക്കാർ ഭരണാനുമതി നൽകി. റെയിൽ ഫെൻസിങ് സ്ഥാപിക്കാൻ 5.40 കോടി രൂപ, സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ 1.06 കോടി രൂപ, കൂപ്പ് റോഡും ഗേറ്റും സ്ഥാപിക്കാൻ 1.52 കോടി, ട്രഞ്ച്, ജൈവവേലി, പട്രോളിംഗ് വാഹനം, വാച്ചർമാരെ നിയോഗിക്കൾ എന്നിവയ്ക്കായി 86.62 ലക്ഷം, അടിക്കാട് വെട്ടിത്തെളിക്കാൻ 75.26 ലക്ഷം എന്നിവയാണ് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് അനുവദിച്ചത്. ആനശല്യം പ്രതിരോധിക്കുന്നത് ചർച്ച ചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.ഒക്‌ടോബർ 17ന് ചേർന്ന വകുപ്പിന്റെ സംസ്ഥാന വർക്കിംഗ് ഗ്രൂപ്പാണ് പദ്ധതികൾ അംഗീകരിച്ചത്. കാട്ടാന പ്രതിരോധത്തിനായി വകുപ്പ് നേരത്തെ പൊതുമരാമത്ത് വകുപ്പിന് നൽകിയ 11 കോടി രൂപയിൽനിന്നാണ് 5.40 കോടി രൂപ റെയിൽ ഫെൻസിംഗിനായി വകയിരുത്തിയത്. റെയിൽ ഫെൻസിംഗ് പ്രവൃത്തി പൊതുമരാമത്ത് വകുപ്പാണ് നിർവഹിക്കുക. സൗരോർജ തൂക്കുവേലിക്കായി 1,06,06,700 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
86.62 ലക്ഷം ഉപയോഗിച്ച് വിവിധ പ്രവൃത്തികളാണ് നടപ്പിലാക്കുക. ട്രഞ്ച് അറ്റകുറ്റപണി 3.55 കിലോമീറ്ററിൽ നടത്തും. ഇതിനായി 6.79 ലക്ഷം അനുവദിച്ചു. അഞ്ച് മീറ്റർ വീതിയിൽ 10.5 കിലോ മീറ്ററിൽ അഞ്ച് ഹെക്ടറിലാണ് ജൈവ വേലി സ്ഥാപിക്കുക. ഇതിന് 19 ലക്ഷം രൂപ അനുവദിച്ചു. പട്രോളിംഗ് വാഹനം വാങ്ങാനും അറ്റകുറ്റപണിക്കും ഉൾപ്പെടെ 21.50 ലക്ഷവും പട്രോളിങ്ങിന് ഗോത്രവർഗ വിഭാഗത്തിലെ 20 വാച്ചർമാരെ നിയോഗിക്കാൻ 36.90 ലക്ഷവും മുൻകൂർ അറിയിപ്പ് സംവിധാനത്തിന് 1,59,600 രൂപയും ബോധവത്കരണത്തിനും പരിശീലനത്തിനും 84,000 രൂപയും അനുവദിച്ചു. വലിയ മരങ്ങൾ മുറിക്കാതെ അടിക്കാട് മാത്രം തെളിയിക്കാൻ അനുവദിച്ച 75.26 ലക്ഷത്തിന്റെ പ്രവൃത്തിക്ക് ഗോത്ര വർഗ വിഭാഗത്തിൽപെട്ടവരെ നിയോഗിക്കണമെന്നാണ് വ്യവസ്ഥ.
അടിക്കാട് വെട്ടിത്തെളിക്കൽ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ടെൻഡർ വിളിച്ച് മറ്റ് പ്രവൃത്തികൾ തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടർ അറിയിച്ചു. സൗരോർജ തൂക്കുവേലിയുടെ അലൈൻമെൻറ് ഒക്‌ടോബർ 27ന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം. കൂപ്പ് റോഡിന്റെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചു.എന്നാൽ, ഈ സംവിധാനങ്ങൾ താൽക്കാലിക പരിഹാരമായി കണക്കാക്കി ശാശ്വത പരിഹാരമായി ആനമതിൽ നിർമ്മാണം നടത്തണമെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി രാജേഷ് എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ കലക്ടറെ ചുമതലപ്പെടുത്തി. ഡിഎഫ്ഒ പി കാർത്തിക്, വാർഡ് മെംബർ മിനി ദിനേശൻ, ബ്ലോക്ക് പഞ്ചായത്തംഗം വി ശോഭ, എഡിഎം കെ കെ ദിവാകരൻ, ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.