ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്. ഭരണ- പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ടുദിവസം സപ്ലൈകോയുടെ 1600 ഔട്ട്ലെറ്റുകള്‍ അടഞ്ഞുകിടക്കും.
സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, കെടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുള്ളത്. ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ചര്‍ച്ചയ്ക്കുവിളിക്കാനോ, വിഷയങ്ങള്‍ പരിഹരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് സംയുക്തസമരസമിതി ജനറല്‍കണ്‍വീനര്‍ എന്‍.എ. മണി പറഞ്ഞു.
സപ്ലൈകോയിലെ സ്ഥിരം, താത്കാലിക-കരാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം മൂന്നരവര്‍ഷമായിട്ടും നടപ്പായിട്ടില്ല. സപ്ലൈകോയില്‍ 1055 ഡെപ്യൂട്ടേഷന്‍ ജീവനക്കാരും 2446 സ്ഥിരജീവനക്കാരും എണ്ണായിരത്തോളം താത്കാലിക-കരാര്‍ജീവനക്കാരുമാണുള്ളത്. ഇതില്‍ താത്കാലികജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനംപോലും ലഭിക്കുന്നില്ല. 11 മണിക്കൂറോളം ജോലിചെയ്യുന്ന ഇവര്‍ക്ക് 575 രൂപയാണ് കൂലിയെന്നും ആരോപണമുണ്ട്. മാനേജ്‌മെന്റിന്റെ മെല്ലപ്പോക്കാണ് ആനുകൂല്യം ഇല്ലാതാക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. അതേസമയം, സ്ഥിരജീവനക്കാരുടെ ഇന്റേണല്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കാത്തതാണ് ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതിന് കാരണമെന്നാണ് വകുപ്പിന്റെ വാദം