കൊച്ചി ∙ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. ഷാഫി നേരത്തെയും സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചിരുന്നെന്നാണു വിവരം. ഇലന്തൂരിൽ എത്തിച്ച രണ്ടു സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളം സ്വദേശിനികളായ ഇവർക്കൊപ്പം പോയ പുരുഷന്റെ മൊഴിയും രേഖപ്പെടുത്തി. കോളജ് വിദ്യാർഥിനികളെ ഇലന്തൂരിൽ എത്തിച്ചതായി വന്ന വാർത്ത വസ്തുതാരഹിതമാണെന്നു പൊലീസ് പറഞ്ഞു.ലൈംഗികവൃത്തിക്കു വേണ്ടിയാണ് ഇലന്തൂരിൽ പോയതെന്നാണ് ഇവർ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഷാഫി ഉപയോഗിച്ചിരുന്ന എസ്യുവി വാഹനത്തിൽ ഇയാൾക്കൊപ്പം തന്നെയായിരുന്നു യാത്ര. ലൈംഗികവൃത്തിക്കായി വാഹനവും ഇടവും ഒരുക്കി നൽകാമെന്ന് പറഞ്ഞതിനാലായിരുന്നു അയാൾക്കൊപ്പം പോയതെത്ര. ഷാഫിയുമായി ഇവർക്കു ലഹരി ഇടപാടുണ്ടായിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണ്ടി വരും. എന്തെങ്കിലും ലഹരി ഇടപാടുണ്ടായിരുന്നതായി വെളിപ്പെടുത്താൻ മൊഴി നൽകിയവർ തയാറായിട്ടില്ല. അതേസമയം, തെളിവെടുപ്പിനായി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുമായി പൊലീസ് ഇലന്തൂരിലേക്കു പോയി. ഷാഫിയുമായി കടവന്ത്രയിൽ നിന്നുള്ള സംഘം ചങ്ങനാശേരിയിലേക്കാണ് പോയത്. പത്മയുടെ പാദസരം എറിഞ്ഞു കളഞ്ഞത് ചങ്ങനാശേരി രാമൻകരി സ്റ്റേഷൻ പരിധിയിലാണ് എന്നാണ് വെളിപ്പെടുത്തൽ. ഇതു കണ്ടെത്തലാണു ലക്ഷ്യം. രണ്ടു സംഘങ്ങളിലും പൊലീസ് മുങ്ങൽ വിദഗ്ധരെയും കൂടെക്കൂട്ടിയിട്ടുണ്ട്.
കേസിലെ മുഖ്യതെളിവായ മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ഷാഫി ഉപയോഗിച്ച, ഭാര്യയുടെ ഫോൺ മുഖ്യ തെളിവായതിനാൽ കണ്ടെത്തുക നിർണായകമാണ്. പത്മ ഉപയോഗിച്ചിരുന്ന ഫോൺ ഷാഫി നശിപ്പിച്ചു എന്നാണ് അവകാശപ്പെടുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഷാഫിയുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിക്കുന്നത്. അതിൽ എത്രത്തോളം വസ്തുതകളുണ്ടെന്നും പരിശോധിക്കും.