കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 14 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായും 935 കേസുകളിലായി 945 പേരെ അറസ്റ്റ് ചെയ്തതായും മന്ത്രി എം.ബി. രാജേഷ്. കേസരി സ്മാരകത്തിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ലഹരിക്കെതിരായി നടന്നുവരുന്ന ബോധവത്കരണ ഭാഗമായി 22നു ജനപ്രതിനിധികളും 24നു വീടുകളിലും 25നു വ്യാപാരസ്ഥാപനങ്ങളിലും ദീപം തെളിക്കൽ നടക്കും. നവംബർ ഒന്നിനു സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് മനുഷ്യശൃംഖല തീർക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് വഴി ആറുമാസത്തിനിടെ 52,52,703 പരാതികൾ ലഭിച്ചു. ഇതിൽ 45 ലക്ഷത്തിലധികം തീർപ്പാക്കി. ഇപ്പോഴും 90 ശതമാനം പേരും പരാതി നൽകാൻ പഞ്ചായത്തിൽ നേരിട്ടു പോകുന്ന സ്ഥിതിയാണെന്നു മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 32 ഇടത്ത് മാലിന്യക്കുന്ന് കിടക്കുന്നതിൽ എട്ടെണ്ണം നീക്കം ചെയ്യാൻ തുടങ്ങി. ബാക്കി 24 എണ്ണം നീക്കാനുള്ള നടപടി സ്വീകരിക്കും. തെരുവുനായ ആക്രമണത്തിന്റെ രൂക്ഷതയിൽ ശമനം വന്നിട്ടുണ്ട്.
4,03,624 നായകൾക്ക് വാക്സിൻ നൽകി. 35,311 തെരുവുനായകൾക്ക് വാക്സിൻ നൽകുകയും 36,462 എണ്ണത്തിനു വന്ധ്യംകരണം നടത്തുകയും ചെയ്തു. തെരുവ് നായകൾക്ക് ഷെൽട്ടർ നടപ്പാക്കാനുള്ള പദ്ധതി എതിർപ്പു നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.