28.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവര്‍ കുടുങ്ങും; കുടുംബശ്രീ വിവരങ്ങള്‍ ശേഖരിക്കുന്നു.
Uncategorized

സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവര്‍ കുടുങ്ങും; കുടുംബശ്രീ വിവരങ്ങള്‍ ശേഖരിക്കുന്നു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ നടത്തുന്നവരെ കണ്ടെത്താനുള്ള കുടുംബശ്രീയുടെ ക്രൈം മാപ്പിങ് സ്പോട്ടിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് ഓരോ ബ്ലോക്കിലെയും ഒരു പഞ്ചായത്ത് എന്ന നിലയില്‍ തിരഞ്ഞെടുത്ത 152 പഞ്ചായത്തുകളിലാണ് പദ്ധതി തുടങ്ങിയത്. കുറ്റകൃത്യത്തിന്റെ സ്വഭാവം, സമയം, തീവ്രത, അക്രമി ഏത് തരക്കാരനാണ്, വീടിനുള്ളില്‍ വെച്ചാണോ പുറത്താണോ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നത് തുടങ്ങിയ വിശദാംശങ്ങളാണ് സര്‍വേയുടെ ഭാഗമായി ശേഖരിച്ചത്.

സാമ്പത്തികമായും മാനസികമായും ശാരീരികമായും ലൈംഗികമായും സാമൂഹികമായുമൊക്കെ ചൂഷണങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള വിവിധ തലത്തിലുള്ള വിവരശേഖരണമാണ് നടത്തിയത്. തിരുവനന്തപുരത്ത് മാത്രം 11 പഞ്ചായത്തുകളില്‍ സര്‍വേ നടത്തിയിരുന്നു. അഞ്ചുതെങ്ങ്, പോത്തന്‍കോട്, വാമനപുരം, പാറശ്ശാല, ബാലരാമപുരം, വെട്ടൂര്‍, കാഞ്ഞിരംകുളം, പൂവച്ചല്‍, നഗരൂര്‍, അരുവിക്കര, ആര്യങ്കോട് തുടങ്ങിയ പഞ്ചായത്തുകളിലാണ് സര്‍വേ നടത്തിയത്.

സര്‍വേയുടെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ സമ്പൂര്‍ണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായ നടപടിയിലാണ്. ഓരോ പഞ്ചായത്തിനും അതാത് സ്ഥലത്തെ പറ്റിയുള്ള റിപ്പോര്‍ട്ട് പിന്നീട് കൈമാറും. പഞ്ചായത്തിന് പുറമെ പോലീസുള്‍പ്പെടെ സാധ്യമായ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഈ റിപ്പോര്‍ട്ട് ലഭിക്കും. കുറ്റകൃത്യം നടന്നതിന് ശേഷം നടപടി എന്നതിന് പകരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയുക എന്നതാണ് ക്രൈം സ്പോട്ട് മാപ്പിങ്ങിലൂടെ ഉദ്ദേശിക്കുന്നത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞ് ‘സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക’ എന്നതാണ് ഇതിലൂടെ കുടുംബശ്രീ ലക്ഷ്യം വക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ‘നാശാ മുക്ത് പദ്ധതി’യുടെ ഭാഗമായാണ് കുടുംബശ്രീ ക്രൈം മാപ്പിങ് പദ്ധതി നടപ്പാക്കുന്നത്. ‘സ്ത്രീപക്ഷ നവകേരള’ത്തിനായി കുടുംബശ്രീ നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമാണിത്. കുറ്റകൃത്യങ്ങള്‍ കൂടുന്നയിടങ്ങളുടെയും സാഹചര്യങ്ങളുടെയും സാധ്യതാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പദ്ധതിയിലൂടെ കഴിയും.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബശ്രീ മേല്‍നോട്ടം നല്‍കും. 152 പഞ്ചായത്തുകളിലെ റിപ്പോര്‍ട്ടുകള്‍ തയ്യാറാകുന്ന മുറയ്ക്ക് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പഞ്ചായത്തുകളുടെ പ്ലാനിങ്ങില്‍ ഈ വിവരങ്ങളും ഉള്‍പ്പെടുത്തും. പോലീസിന് കുറ്റവാളികളെ കണ്ടെത്താന്‍ ഇത്തരം വിവരങ്ങള്‍ ഉപകാരപ്പെടും.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചാണ് പ്രശ്നങ്ങളുടെയും പ്രദേശത്തിന്റെയും വിവരശേഖരണം നടത്തുന്നത്. കുടുംബശ്രീ യൂണിറ്റുകളിലെ സ്ത്രീകളാണ് ആദ്യഘട്ടത്തില്‍ സര്‍വേയില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് വിവരങ്ങള്‍ ക്രോഡീകരിച്ച് തദ്ദേശ സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയും. ക്രൈം സ്പോട്ടിങ്ങിനായി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായവും തേടും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നതിനൊപ്പം ഗാര്‍ഹിക പീഡനത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുംധാരണയില്ലാത്ത സ്ത്രീകള്‍ക്ക് പ്രത്യേക ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും.

Related posts

‘അടുത്ത പറമ്പിൽ നിന്ന് പാർട്ടിക്കാർ ബോംബുകൾ മാറ്റി, സഹികെട്ടാണ് പറയുന്നത്’; എരഞ്ഞോളിയിൽ പ്രതികരിച്ച് യുവതി

Aswathi Kottiyoor

സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും,

Aswathi Kottiyoor

വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു, കാര്യമാക്കിയില്ല; പാലക്കാട് ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox