സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമഴയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ശനിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമഴയുണ്ടാകുമെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയോടെ ന്യൂനമര്‍ദം ശക്തി പ്രാപിക്കും.
ഇന്ന് ഉച്ചയോടെ മഴ കനക്കും. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ ഒഴികെയുള്ളജില്ലകളിലാണു യെല്ലോ അലര്‍ട്ട്.
സംസ്ഥാനത്ത് പലയിടത്തും തിങ്കളാഴ്ച രാത്രിയില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപെട്ടു.
തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയില്‍ മണ്ണിടിഞ്ഞതോടെ തടസ്സപ്പെട്ട വാഹനഗതാഗതം പുനഃസ്ഥാപിച്ചു. ചുള്ളിമാനൂര്‍ – വഞ്ചുവത്ത് ആണ് രാവിലെ നാല് മണിയോടെ മണ്ണിടിഞ്ഞ് റോഡില്‍ വീണത്.
കേരളാതീരത്തിനു സമീപം അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് മഴ തുടരുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.